സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ സര്‍ക്കാരിന് കുടിയേറ്റ വിഷയത്തിലുണ്ടായ ‘സ്വര മാറ്റം’ യു കെ യൂണിവേഴ്സിറ്റികളിലേക്ക് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്താന്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ മേഖലക്ക് പുത്തനുണര്‍വ് പകരുന്ന ഒന്നാണിത്.
ജൂലായ് നാലിലെ തെരഞ്ഞെടുപ്പിന് ശേഷം ലേബര്‍ നയങ്ങളില്‍ വന്ന മാറ്റം വ്യാപകമായി വിദേശ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും വീക്ഷിക്കുന്നു എന്നാണ് ഇപ്പോള്‍ കോഴ്സുകളെ കുറിച്ച് ലഭിക്കുന്ന അന്വേഷണങ്ങളും, വിദേശത്തുള്ള റിക്രൂട്ടിംഗ് ഏജന്റുമാരുടെ പ്രതികരണവും തെളിയിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍മാരും അഡ്മിഷന്‍ ഓഫീസര്‍മാരും പറയുന്നു.
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം അമിതമായി കുറയാന്‍ ഇടയാകുമായിരുന്ന ഏറ്റവും മോശം സാഹചര്യം ഒഴിവാക്കാന്‍ കൃത്യസമയത്ത് തന്നെയാണ് നയമാറ്റം എത്തിയതെന്ന് ഒരു വൈസ് ചാന്‍സലറെ ഉദ്ധരിച്ചുകൊണ്ട് ദി ഗാര്‍ഡിയന്‍ എഴുതുന്നു. അതേസമയം, കഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ സ്റ്റുഡന്റ് വീസ നിയന്ത്രണങ്ങളുടെ സ്വാധീനം തുടര്‍ന്നും ഉണ്ടാകാന്‍ ഇടയുണ്ടെന്ന് മറ്റു ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്നലെ പ്രസിദ്ധീകരിച്ച ഗാര്‍ഡിയന്‍സ് 2025 യൂണിവേഴ്സിറ്റി ഗൈഡില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന യൂണിവേഴ്സിറ്റികള്‍ക്ക് തദ്ദേശീയ വിദ്യാര്‍ഹ്ഥികള്‍ക്ക് യു കെ സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ ഫീസില്‍ പഠന സൗകര്യം ഒരുക്കിയാലും പിടിച്ചു നില്‍ക്കാനാകും.
ചുമതലയേറ്റ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ വിദേശ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എഡ്യൂക്കേഷന്‍ സെക്രട്ടറി, ബ്രിജറ്റ് ഫിലിപ്‌സണ്‍ നടത്തിയ പ്രസംഗത്തെ യൂണിവേഴ്സിറ്റി ഓഫ് സറേ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മാക്‌സ് ലു പ്രശംസിച്ചു. ചൈന, ഇന്ത്യ, തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള തങ്ങളുടെ റിക്രൂട്ടിംഗ് ഏജന്റുമാരുമായി താന്‍ സംസാരിച്ചു എന്നും എല്ലാവരും ആ പ്രസംഗത്തെ കുറിച്ച് സംതൃപ്തി രേഖപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ബ്രിട്ടനിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്ന ഈ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഈ പ്രസംഗം ഏറെ ശ്രദ്ധയോടെ ശ്രവിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ തെളിയിക്കുന്നതെന്നും ഏജന്റുമാര്‍ പറയുന്നു.
വിദേശ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടന് നല്‍കുന്നത് സാമ്പത്തിക സംഭാവന മാത്രമല്ലെന്നും അവര്‍ ബ്രിട്ടീഷ് സംസ്‌കാരത്തിനും വൈവിധ്യത്തിനും, ബഹുസ്വരതക്കും നല്‍കുന്ന സംഭാവനകള്‍ അഭിനന്ദനീയമാണെന്നും പറഞ്ഞ ബിജറ്റ് ഫിലിപ്‌സണിന്റെ പ്രസംഗം അന്താരാഷ്ട്ര തലത്തില്‍ തന്നെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദേശങ്ങളില്‍ നിന്നുള്ള പോസ്റ്റ് ഗ്രാഡ്വേഷന്‍ കണ്‍വേര്‍ഷന്‍ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പല അഡ്മിഷന്‍ ഓഫീസര്‍മാരും പറയുന്നത്.
കഴിഞ്ഞയാഴ്ച നടന്ന യൂണിവേഴ്സിറ്റീസ് യു കെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത പല വൈസ് ചാന്‍സലര്‍മാരും സറേ വൈസ് ചാന്‍സലറുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെങ്കിലും പരിവര്‍ത്തനം അത്ര വേഗത്തില്‍ ആകില്ല എന്ന അഭിപ്രായക്കാരാണ്. പഴയ നയങ്ങളുടെ പ്രഭാവം ഇപ്പോഴും നിലനില്‍ക്കുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല