1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2024

സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാർഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സര്‍വകലാശാലകള്‍. ജനുവരി 20 ന് മുമ്പ് തിരികെ എത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.

അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍വകലാശാലകളുടെ ഈ നീക്കം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ജനുവരി 20 ന് തന്നെ സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടിയേറ്റം എന്നിവ സംബന്ധിച്ച നിരവധി ഉത്തരവുകളില്‍ ഒപ്പുമെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നാം ട്രംപ് ഭരണകൂട കാലത്ത് തന്നെ കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇത് വിദേശ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ വെല്ലുവിളിയാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും അധികാരത്തെലെത്തുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാ പ്രതിസന്ധികള്‍ ഇല്ലാതാക്കാനായി സര്‍വകലാശാലകള്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

യുഎസിന് പുറത്ത് യാത്ര ചെയ്യുന്ന വിദേശ വിദ്യാര്‍ഥികളോടും ജീവനക്കാരോടും എത്രയും വേഗം തിരികെ എത്താനാണ് നിര്‍ദേശം. യുഎസിലെ വിദേശ വിദ്യാര്‍ഥികളില്‍ പകുതിയിലേറെയും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണെന്നാണ് ഔദ്യോഗിക കണക്ക്.

2023-24 കാലഘട്ടത്തില്‍ യുഎസില്‍ 3,31,602 അന്തര്‍ദേശീയ വിദ്യാര്‍ഥികളുമായി ഇന്ത്യ ആദ്യമായി ചൈനയെ മറകടന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനത്തിന്റെ വര്‍ധനവാണിത്. ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നാല് ശതമാനത്തിന്റെ ഇടിവാണുണ്ടായത്. യുഎസിലെ ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണം 2,77,398 ആണ് ഇപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.