
സ്വന്തം ലേഖകൻ: 2000ന് ശേഷം ലഭിച്ച വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി ഇതുവരെ വിദ്യാഭ്യാസ മന്ത്രാലയം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാത്ത ജീവനക്കാര്‍ക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചതായി അല്‍ ജരീദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഓര്‍മിപ്പിച്ച് അധ്യാപകര്‍ക്ക് അറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയതായും മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം അറിയിച്ചു.
കുവൈത്തിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 40,000ത്തിലേറെ ജീവനക്കാര്‍ മന്ത്രാലയം ആവശ്യപ്പെട്ടതുനുസരിച്ച് തങ്ങളുടെ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി സമര്‍പ്പിച്ചില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2000 ജനുവരി ഒന്നിന് ശേഷം മന്ത്രാലയത്തിനു കീഴിലെ അധ്യാപകര്‍ ഉള്‍പ്പെടെ നേടിയ വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി പരിശോധനയ്ക്ക് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. അതിനു ശേഷം പല തവണ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി നല്‍കിയിരുന്നുവെങ്കിലും 40,000ത്തിലേറെ ജീവനക്കാര്‍ അത് സമര്‍പ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് സമര്‍പ്പിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആശങ്കയും ഊഹാപോഹങ്ങളുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റുകളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ തങ്ങള്‍ ജോലി രാജിവയ്ക്കേണ്ടി വരുമെന്ന ആശങ്ക ജീവനക്കാര്‍ക്കുണ്ട്.
അതിനിടെ, അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് ഫോട്ടോയെടുക്കുന്നതും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിടുന്നതും കര്‍ശനമായി നിരോധിച്ചതായും മന്ത്രാലയം അറിയിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് 1979 ലെ 25-ാം വകുപ്പ് അനുസരിച്ച് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് നിയമകാര്യ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ അദ്‌വാനി, പൊതുവിദ്യാഭ്യാസ വകുപ്പ് ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഹെസ്സ അല്‍ മുതവയ്ക്ക് കത്തയച്ചു.
പരീക്ഷാ വേളയില്‍ അധ്യാപകര്‍ ഉത്തരക്കടലാസ് ഫോട്ടോയെടുക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ഇത്തരം പ്രവൃത്തികള്‍ സിവില്‍ സര്‍വീസ് നിയമത്തിന്റെ ലംഘനമാണെന്നും ജോലിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് നിയമം ജീവനക്കാരെ വിലക്കുന്നുണ്ടെന്നും അല്‍ അദ് വാനി കത്തില്‍ ഊന്നിപ്പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല