സ്വന്തം ലേഖകന്‍: വിദേശ ജോലിയും കുടിയേറ്റവും ന്യൂ ജനറേഷന്‍ ഇന്ത്യക്കാരുടെ ആവേശമായതോടെ ഉത്തരേന്ത്യയില്‍ വിസാ ദൈവങ്ങളുടെ വിളയാട്ടം. ശൂന്യാകാശത്തേക്ക് മിസൈല്‍ വിക്ഷേപിക്കുമ്പോള്‍ പോലും തേങ്ങയുടക്കുന്നവരുടെ നാടായ ഇന്ത്യയില്‍ ഇതില്‍ അത്ഭുതമില്ലെങ്കിലും വിസാ ദൈവങ്ങളെന്ന പേരില്‍ തട്ടിപ്പുകളും പെരുകുന്നതായി സൂചനയുണ്ട്.
പുതിയ തലമുറയിലുണ്ടായ വിദേശവാസഭ്രമത്തെ ചൂഷണം ചെയ്താണ് പുതിയ വിസാ ദൈവങ്ങളുടെ വളര്‍ച്ച. പതിനായിരക്കണക്കിന് ആളുകളാണ് ദിവസവും വിദേശത്തേക്കുള്ള വിസ ലഭിക്കാനുള്ള പ്രത്യേക പൂജകളുമായി പ്രാര്‍ഥാനാലയങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ജോലി ലഭിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിനും വേണ്ടി വിദേശത്ത് പോകാനാഗ്രഹിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതോടൊപ്പം വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാര്‍ഥാനാലയങ്ങളില്‍ ഇടംപിടിക്കുന്നതും കൗതുകകരമായ കാഴ്ചയാണ്.
ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി ലഭിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിനും പ്രത്യേകം അമ്പലങ്ങളും വഴിപാടുകളുമുണ്ട്. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വിസാ ദൈവമാണ് ഹൈദരാബാദിലെ ചില്‍കൂര്‍ ബാലാജി അമ്പലത്തിലെ മൂര്‍ത്തി. ഇവിടെയത്തുന്ന ഭൂരിഭാഗം പേരും വിസക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകളാണ് നടത്തുന്നതെന്ന് പൂജാരി പറയുന്നു. പ്രാര്‍ഥന സഫലമാകുമ്പോള്‍ വിസ ലഭിച്ചവരോ കുടുംബാംഗങ്ങളോ ഇവിടെ വന്ന് വീണ്ടും പ്രാര്‍ഥന നടത്തുന്നു.
വടക്കേ ഇന്ത്യയിലെ വിസാദൈവത്തിന്റെ ആസ്ഥാനമാണ് പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ഷഹീദ് ബാബാ സിങ് ഗുരുദ്വാര. ഇവിടേക്ക് വിസാപ്രാര്‍ഥനയുമായി പോകുന്നവര്‍ വിമാനത്തിന്റെ ചെറു രൂപവും കാഴ്ചവക്കുന്ന പതിവുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല