1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2024

സ്വന്തം ലേഖകൻ: കുവൈത്ത് ജനസംഖ്യയില്‍ 68.3 ശതമാനം പേരും പ്രവാസികളെന്ന് കണക്കുകള്‍. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) പുറത്തുവിട്ട ഏറ്റവും പുതിയ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2024 ജൂണ്‍ അവസാനത്തോടെ കുവൈത്തിലെ ജനസംഖ്യ 4,918,570 ആണെന്നും അധികൃതര്‍ അറിയിച്ചു.

ജനുവരി ഒന്നിന് 1,545,781 ആയിരുന്ന കുവൈത്ത് പൗരന്മാരുടെ എണ്ണം ജൂണ്‍ അവസാനത്തോടെ 1,559,925 ആയി ഉയര്‍ന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 14,144 പേരുടെ വര്‍ദ്ധനവാണ് കുവൈത്ത് പൗരന്‍മാരുടെ എണ്ണത്തിലുണ്ടായത്. ആകെ ജനസംഖ്യയുടെ 31.7% ആണ് ഇപ്പോള്‍ കുവൈത്ത് പൗരന്‍മാര്‍.

കുവൈത്ത് പൗരന്‍മാര്‍ കഴിഞ്ഞാല്‍ കുവൈത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. മൊത്തം ജനസംഖ്യയുടെ 21 ശതമാനമാണ് ഇന്ത്യക്കാര്‍. അതായത് ഓരോ 10 പേരെ എടുത്താലും അതില്‍ ശരാശരി രണ്ടോ അതിലധികമോ പേര്‍ ഇന്ത്യക്കാരായിരിക്കും. ഈജിപ്തുകാരാണ് ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ജനസംഖ്യയുടെ 13 ശതമാനമാണ് ഈജിപ്തുകാരുടെ പ്രാതിനിധ്യം. ബംഗ്ലാദേശികള്‍ ആറു ശതമാനവും ഫിലിപ്പിനോകള്‍ അഞ്ച് ശതമാനവും വരും. നേപ്പാള്‍, സൗദി അറേബ്യ, ശ്രീലങ്ക, സിറിയ എന്നീ രാജ്യക്കാര്‍ ജനസംഖ്യയുടെ മൂന്ന് ശതമാനം വീതം വരും. ബാക്കിയുള്ള 11 ശതമാനമാണ് മറ്റു രാജ്യക്കാരില്‍ നിന്നുള്ളവര്‍.

അതിനിടെ, പിഎസിഐയുടെ ഡാറ്റ പ്രകാരം കുവൈത്തിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി ആകെ തൊഴില്‍ ചെയ്യുന്ന വ്യക്തികളുടെ എണ്ണം 2,178,008 ആണ്. ഇവരില്‍ 516,397 പേര്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നു. ഇത് മൊത്തം തൊഴിലാളികളുടെ 24 ശതമാനം വരും. ബാക്കി 76 ശതമാനം തൊഴിലാളികളും അഥവാ 1,661,611 പേര്‍ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.

തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ തൊഴിലാളികളില്‍ 24.2 ശതമാനവും ഇന്ത്യക്കാരാണ്. കുവൈത്തികളുടെ തൊഴില്‍ മേഖലയിലെ പ്രാതിനിധ്യം 21.9 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. ഈജിപ്തുകാര്‍ 21.7%, ബംഗ്ലാദേശികള്‍ 8.5%, നേപ്പാളികള്‍ 3.9%, പാക്കിസ്ഥാനികള്‍ 3.2%, സിറിയക്കാര്‍ 3%, ഫിലിപ്പിനോകള്‍ 2.9%, ജോര്‍ദാനികള്‍ 1.4%, സൗദികള്‍: 1.2, മറ്റ് രജ്യക്കാര്‍ 8.2% എന്നിങ്ങനെയാണ് കണക്കുകൾ.

അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസിളില്‍ കൂടുതലും കുവൈത്ത് പൗരന്‍മാരാണ്- 7.21%. 4.36 ശതമാനവുമായി ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, സ്വകാര്യ മേഖലയില്‍ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്- 30.4%. ഈജിപ്തുകാര്‍ 26.6 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. 10.6%വുമായി ബംഗ്ലാദേശികളാണ് മൂന്നാം സ്ഥാനത്ത്.

നേപ്പാളികള്‍ 5.1%, കുവൈത്ത് പൗരന്‍മാര്‍ 4.3%, പാക്കിസ്ഥാനികള്‍ 3.8%, സിറിയക്കാരും ഫിലിപ്പിനോകളും 3.6% വീതം, ജോര്‍ദാനികള്‍ 1.6%, സൗദികള്‍ 0.9%, മറ്റ് രാജ്യക്കാര്‍ 9.9% എന്നിങ്ങനെയാണ് സ്വകാര്യ മേഖലയിലെ പ്രവാസി പ്രാതിനിധ്യം. കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍. ഇവരില്‍ 43.8 ശതമാനവും ഇന്ത്യക്കാരാണ്. രണ്ടാമത്ത് ഫിലിപ്പിനോകളും (21.1%), മൂന്നാം സ്ഥാനത്ത് ശ്രീലങ്കക്കാരും (15.4%), നാലാം സ്ഥാനത്ത് ബംഗ്ലാദേശികളും (11.1%) ആണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.