1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ യുവതീ യുവാക്കള്‍ക്കിടയില്‍ വിദേശികളെ ജീവിത പങ്കാളികളാക്കുന്നതിനുള്ള പ്രവണത വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. 64.8 ശതമാനം സൗദികളും രാജ്യത്തിന് പുറത്തുള്ള പങ്കാളികളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തി.

ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്സിറ്റിയിലെ ഡോ. മുഹമ്മദ് അല്‍ തൗം നടത്തിയ പഠനത്തില്‍, സൗദികളും സൗദികളല്ലാത്തവരും തമ്മിലുള്ള സ്‌നേഹ ബന്ധങ്ങള്‍ വലിയ തോതില്‍ വർധിച്ചുവരുന്നതായി കണ്ടെത്തി. ഇത്തരം ബന്ധങ്ങള്‍ക്കു പുറമെ, രാജ്യത്തു നിന്നുള്ളവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് വരുന്ന വലിയ സാമ്പത്തിക ബാധ്യത, പ്രായമായ വ്യക്തികളുടെ പരിചരണ ആവശ്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഈ പ്രവണതയ്ക്ക് കാരണമാകുന്ന വിവിധ ഘടകങ്ങള്‍ പഠനത്തില്‍ കണ്ടെത്തി.

വിദേശത്ത് പങ്കാളികളെ തേടുന്നതിന് പ്രേരക ഘടകമായി സൗദികള്‍ തമ്മിലുള്ള മുന്‍ വിവാഹങ്ങളുടെ പരാജയവും ഗവേഷണം ചൂണ്ടിക്കാട്ടി. അതിര്‍ത്തി കടന്നുള്ള വിവാഹങ്ങളുടെ ഈ വര്‍ദ്ധിച്ചുവരുന്ന പ്രവണത സൗദി കുടുംബങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഘടനയില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മുഹമ്മദ് അല്‍ തൗം അഭിപ്രായപ്പെട്ടു.

വിദേശികളുമായുള്ള വിവാഹം ബന്ധങ്ങള്‍ രാജ്യത്തെ പൗരന്‍മാര്‍ കാത്തുസൂക്ഷിച്ചു വരുന്ന പരമ്പരാഗത ആചാരങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടാന്‍ ഇടയാക്കുമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് സമൂഹത്തില്‍ കൂടുതല്‍ സാംസ്‌കാരിക വിനിമയവും തുറന്ന മനസ്സും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും പഠനം കണ്ടെത്തുകയുണ്ടായി.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ 2020-ലെ അനുബന്ധ റിപ്പോര്‍ട്ടില്‍, സൗദി ഇതര പങ്കാളികള്‍ ഉള്‍പ്പെടുന്ന 4,502 വിവാഹ കരാറുകള്‍ സൗദി നീതിന്യായ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് അത്തരം വിവാഹങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന വ്യാപനത്തിന് അടിവരയിടുന്നതായി ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അറിയിച്ചു. സൗദിയില്‍ പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം വലിയ ചെലവേറിയ കാര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുരുഷന്‍ സ്ത്രീക്ക് വിവാഹ വേളയില്‍ നല്‍കേണ്ട മഹറുമായി ബന്ധപ്പെട്ടാണിത്.

യുവതികള്‍ വലിയ തുക മഹ്‌റായി ആവശ്യപ്പെടുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല, സൗദി യുവതികളെ വിവാഹം ചെയ്യുന്നത് അവരുടെ ജീവിതച്ചെലവ് കൂടാനും കാരണമാവും. അതേസമയം, വിദേശികളുമായി വിവാഹ ബന്ധത്തില്‍ ചെലവ് താരതമ്യേന കുറവാണെന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.