എച്ച്ഐവി എത്രത്തോളം പ്രശ്നക്കാരനാണെന്ന കാര്യം നമ്മള്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. മാനവരാശിയുടെ അന്തകനെന്ന മട്ടിലൊക്കെയാണ് എച്ച്ഐവിയെ പലരും വിശേഷിപ്പിച്ചിട്ടുള്ളത്. എച്ച്ഐവി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ പല രാജ്യങ്ങളിലായി നടക്കുന്നുണ്ട്. പ്രതിരോധ മരുന്നുകളുടെ ഗവേഷണങ്ങള്‍ പല രാജ്യങ്ങളും നടത്തുന്നുണ്ട്. ഇതിനൊക്കെ പുറമെ എച്ച്ഐവി അസുഖം ബാധിക്കാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുമായി പ്രചരണങ്ങള്‍ നടത്തുന്നുണ്ട്.
ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തമായ രീതിയില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടണ്‍. ജനങ്ങളില്‍ കൃത്യമായ പരിശോധനകളും സൗജന്യചികിത്സയുമൊക്കെ നല്‍കുന്ന ബ്രിട്ടണ്‍ പല രാജ്യങ്ങള്‍ക്കും മാതൃകയാണുതാനും. എന്നാല്‍ ഇത്രയും കാലം ബ്രിട്ടണ്‍ സ്വന്തം പൗരന്മാര്‍ക്ക് മാത്രമായിരുന്നു സൗജന്യചികിത്സയും മറ്റും നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ വിദേശികള്‍ക്കും എച്ച്ഐവിയ്ക്ക് സൗജന്യചികിത്സ നല്‍കാമെന്ന് ബ്രിട്ടണ്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്‍എച്ച്എസാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടുള്ളത്.
നിയമപരമായി ബ്രിട്ടണില്‍ സ്ഥിരതാമസമാക്കാത്തവര്‍ക്കും ചികിത്സ ലഭ്യമാക്കാമെന്നാണ് എന്‍എച്ച്എസ് തീരുമാനിച്ചിരിക്കുന്നത്. ഇത് ബ്രിട്ടണില്‍ കുടിയേറിയിരിക്കുന്ന വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് പ്രയോജനപ്പെടുന്നത്. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നല്‍കുന്ന സൗജന്യചികിത്സയുടെ അത്രയുംതന്നെ പ്രാധാന്യം വിദേശികള്‍ക്ക് നല്‍കുന്നതിലുമുണ്ടെന്ന് വൈകിയാണെങ്കിലും എന്‍എച്ച്എസ് തിരിച്ചറിഞ്ഞുവെന്നതാണ് സത്യം.
എന്നാല്‍ വിദേശികള്‍ക്കും സൗജന്യചികിത്സ നല്‍കാമെന്ന എന്‍എച്ച്എസിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഒരാള്‍ക്ക് എച്ച്ഐവി ഉണ്ടെന്ന് തെളിഞ്ഞാല്‍ 7,000 പൗണ്ടാണ് അയാള്‍ക്ക് ചികിത്സ നല്‍കുന്നതിനായി ചെലവാകുന്നത്. ഒരാളുടെ ജീവിത കാലയളവില്‍ ചികിത്സയ്ക്കായി ചിലവാകുന്നത് 300,000 പൗണ്ടായിരിക്കും. ഇത്രയും രൂപ ഒരു വിദേശിക്കുവേണ്ടി ചിലവാക്കുന്നതിനെ ശക്തമായ ഭാഷയിലാണ് സാമ്പത്തിക വിദഗ്ദരും സര്‍ക്കാരിലെ ചില മുതിര്‍ന്ന അംഗങ്ങളും വിമര്‍ശിക്കുന്നത്. ഇത് ഹെല്‍ത്ത് ടൂറിസത്തിന് വഴിവെയ്ക്കുമെന്നാണ് ഉയരുന്ന പ്രധാനപ്പെട്ട വിമര്‍ശനം.
ഇപ്പോള്‍ത്തന്നെ 25,000 പേര്‍ക്ക് എച്ച്ഐവി ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള ചികിത്സയ്ക്കായി നല്ലൊരു തുക കണ്ടെത്തിവരും. കൂടാതെ കൂടുതല്‍പേര്‍ക്ക് എച്ച്ഐവി ഉണ്ടെന്ന് കണ്ടെത്തിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നാണ് ഉയരുന്ന വിമര്‍ശനം. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് മുപ്പത്തിയഞ്ച് മില്യണ്‍ പൗണ്ടാണ് എച്ച്ഐവിയുടെ സൗജന്യചികിത്സയ്ക്കായി സര്‍ക്കാര്‍ ചിലവാക്കിയിരിക്കുന്നത്. ഇത് ബ്രിട്ടീഷ് പൗരന്മാര്‍ക്കുവേണ്ടി മാത്രം ചെലവാക്കിയ തുകയാണ്. എന്നാല്‍ വിദേശികള്‍ക്കുംകൂടി സൗജന്യചികിത്സ നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നാണ് സര്‍ക്കാര്‍ വിമര്‍ശകര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല