1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2024

സ്വന്തം ലേഖകൻ: യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആര്‍ കോഡ് അധിഷ്ടിത യുപിഐ പണമിടപാടുകള്‍ യുഎഇയില്‍ എത്തിച്ചിരിക്കുന്നത്. ഇതുവഴി രണ്ട് ലക്ഷത്തോളം പിഒഎസ് ടെര്‍മിനലുകളില്‍ ഇനി യുപിഐ ഇടപാടുകള്‍ നടത്താനാവും.

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും യുഎഇയില്‍ ഇടുനീളം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കാനാവും. മാള്‍ ഓഫ് എമിറേറ്റ്‌സ്, ദുബായ് മാള്‍ ഉള്‍പ്പടെ മുന്‍നിര സ്ഥാപനങ്ങളിലും റീട്ടെയില്‍ സ്റ്റോറുകളും റസ്‌റ്റോറന്റുകളിലും സൗകര്യമുണ്ടാവും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് തന്നെ ഈ സംവിധാനത്തിലൂടെ പണം നല്‍കാനാവും.

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ വിപ്ലവം സൃഷ്ടിച്ച സേവനമാണ് യുപിഐ. ഈ സൗകര്യം ലഭ്യമാക്കുന്ന നിരവധി ആപ്പുകള്‍ ഇന്ന് വിപണിയിലുണ്ട്. മറ്റ് രാജ്യങ്ങളിലും യുപിഐ സേവനങ്ങള്‍ ലഭ്യമാണ്. നേപ്പാളിലാണ് ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യുപിഐ സേവനം അവതരിപ്പിച്ചത്. ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാന്‍സ്, സിംഗപൂര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ യുപിഐ ഇടപാടുകള്‍ നടത്താനാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.