സ്വന്തം ലേഖകൻ: യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഇനി യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാം. ഇതിനായി ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺപേ അല്ലെങ്കില്‍ ഗൂഗിൾ പേ പോലെയുള്ള ഇഷ്ടപ്പെട്ട യുപിഐ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താം.
എല്ലാ ഇടപാടുകളും ഇന്ത്യൻ രൂപയിൽ (INR) പ്രോസസ്സ് ചെയ്യപ്പെടും, പേയ്‌മെൻ്റ് സമയത്ത് മെഷീനിൽ നിലവിലുള്ള കറൻസി വിനിമയ നിരക്ക് വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യും. എന്നാൽ, യുപിഐ ഇടപാടുകള്‍ മശ്രിഖ് ബാങ്കിന്റെ നിയോപേ ടെര്‍മിനലുകളില്‍ മാത്രമേ നടത്താനാകൂ എന്ന നിബന്ധനയുണ്ട്. എന്നാല്‍ പല റീട്ടെയില്‍, ഡൈനിംഗ് ഔട്ട്ലെറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത് ലഭ്യമാണ്. മശ്രിഖ് ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായ നിയോ പേ യുഎഇയില്‍ യുപിഐ പെയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
യുപിഐ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്ന ഷോപ്പ് അല്ലെങ്കിൽ റെസ്റ്റോറൻ്റ് മനസിലകുന്നതിനായി ഒരു അടയാളം സാധാരണയായി ചെക്ക്ഔട്ട് കൗണ്ടറിൽ കാണാനും സാധിക്കും. 2024 ഏപ്രിലിൽ മശ്രിഖ് ബാങ്കും എൻപിസിഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡും (NIPL) തമ്മിലുള്ള സഹകരണമാണ് ഈ സംവിധാനം ഒരുക്കുന്നത്. യുഎഇയിലെ എന്‍ആര്‍ഐകള്‍ക്കും പ്രാദേശിക മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും.
യുപിഐ ഇന്റര്‍നാഷണലിനെ പിന്തുണയ്ക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കായി മാത്രമേ അന്താരാഷ്ട്ര ഇടപാടുകള്‍ സജീവമാക്കാന്‍ കഴിയൂ. ഒരു ബാങ്ക് അക്കൗണ്ടിനായുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ക്കുള്ള ആക്ടിവേഷന്‍ ഏഴ് ദിവസത്തിന് ശേഷം കാലഹരണപ്പെടും. അതിനുശേഷം അത് വീണ്ടും ആക്ടിവേറ്റ് ചെയ്യാം. പണവും ക്രെഡിറ്റ് കാർഡും കൈവശം കൊണ്ടുനടക്കാത്തവർക്ക് ഇത് പേയ്മെന്റ് സംവിധാനങ്ങൾ എളുപ്പമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല