സ്വന്തം ലേഖകന്‍: ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍ മാക്‌സ് ഡെസ്‌ഫോറുടെ ക്യാമറ കണ്ണടച്ചു; അന്ത്യം മേരിലാന്‍ഡിലെ സ്വവസതിയില്‍. മുന്‍ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറായിരുന്ന മാക്‌സ് ഡെസ്‌ഫോര്‍ 104 മത്തെ വയസിലാണ് മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിംഗിലുള്ള വസതിയില്‍ അന്തരിച്ചത്.
1950ല്‍ കൊറിയന്‍ യുദ്ധകാലത്തെടുത്ത ചിത്രങ്ങള്‍ ഡെസ്‌ഫോറിനെ പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരുന്നു. യുദ്ധത്തിനിടെ തകര്‍ന്ന പാലത്തിലൂടെ മറുകര കടക്കുന്ന ആളുകളുടെ ചിത്രത്തിനാണ് അംഗീകാരം. വെടിയേറ്റു മരിച്ചു പുതഞ്ഞ കൊറിയന്‍ പൗരന്റെ കൈകളും മൂക്കും മാത്രം പുറത്തുകാണുന്ന ഫ്യൂട്ടിലിറ്റി എന്ന ചിത്രവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
1946 ജൂലൈയില്‍ കോണ്‍ഗ്രസ് സമ്മേളനത്തിനിടെ മഹാത്മാ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും സംസാരിക്കുന്ന ചിത്രവും 1948ല്‍ മഹാത്മാ ഗാന്ധിയുടെ മരണാനന്തര ചടങ്ങുകളുടെയും ചിത്രങ്ങളും എപി ഫോട്ടോഗ്രാഫറായി ഇന്ത്യയില്‍ കഴിയവേ ഡെസ്‌ഫോര്‍ കാമറയില്‍ പകര്‍ത്തിയിരുന്നു.
2004ല്‍ ആദ്യ ഭാര്യയായ ക്ലാര മരിച്ചു. 2012 ജനുവരിയില്‍ 90 വയസുകാരി ഷേര്‍ലി ബെലാസ്‌കോയെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയിലെ മകന്‍ ബാരിക്കൊപ്പമാണ് ഡെസ്‌ഫോര്‍ താമസിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല