1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2022

സ്വന്തം ലേഖകൻ: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് വിചിത്രമായൊരു വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. ഫെയ്‌സ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്ന നോവ കാഗനാണ് ഫെയ്‌സ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്.

ജീവനക്കാര്‍ തയ്യാറാക്കുന്ന കോഡുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും വെബ്‌സൈറ്റിലിട്ട എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിനുള്ളില്‍ വാള്‍ വീശി നടക്കുന്ന രീതി സക്കര്‍ബര്‍ഗിനുണ്ടായിരുന്നത്രെ.

‘ഇത് നീ വേഗം ശരിയാക്കിയില്ലെങ്കില്‍ ഇടിച്ച് ശരിയാക്കുമെന്നും’ എന്നും വാള്‍ കയ്യില്‍ പിടിച്ച് ‘ ഇത് വെച്ച് ഞാന്‍ നിന്നെ വെട്ടിനുറുക്കും’ എന്നുമെല്ലാം സ്നേഹത്തോടെ ശകാരിക്കുമായിരുന്നുവെന്നാണ് കാഗന്‍ പറയുന്നത്. എന്തിനാണ് അദ്ദേഹം ആ വാള്‍ സൂക്ഷിക്കുന്നതെന്ന് ഇപ്പോളും അറിയില്ലെന്നും കാഗൻ പറയുന്നു.

എല്ലാ ഫെയ്‌സ്ബുക്ക് ജീവനക്കാരുടേയും പാര്‍ക്കിങ് ടിക്കറ്റുകള്‍ക്ക് പണം നല്‍കിയിരുന്നത് സക്കര്‍ബര്‍ഗ് ആയിരുന്നു. അന്നത്തെ ജീവനക്കാര്‍ അത് ഏറെ പ്രശംസിച്ചിരുന്നു. ഫെയ്‌സ്ബുക്ക് അധികം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് അത് നല്ലൊരു ആനുകൂല്യമായിരുന്നു. കാഗന്‍ പറഞ്ഞു.

ഇത് ആദ്യമായല്ല കാഗന്‍ സക്കര്‍ബര്‍ഗിന്റെ വാളിനെ കുറിച്ച് പറയുന്നത്. How I Lost 170 Million Dollars: My Time as #30 at Facebook എന്ന പുസ്തകത്തില്‍ അദ്ദേഹം ഇക്കാര്യം വിശദമാക്കുന്നുണ്ട്.
2005 ല്‍ ഫെയ്‌സ്ബുക്കില്‍ ചേര്‍ന്ന കാഗനെ 10 മാസത്തെ സേവനത്തിനൊടുവില്‍ 2006 ല്‍ കമ്പനി പിരിച്ചുവിടുകയായിരുന്നു. ഇപ്പോള്‍ ആപ്പ് സുമോ (AppSumo) എന്ന സേവനത്തിന്റെ സിഇഒ ആണ് കാഗന്‍.

ദേഷ്യപ്പെടുന്ന ആളായി തോന്നാത്ത സക്കര്‍ബര്‍ഗ് ഒരിക്കല്‍ ഫെയ്‌സ്ബുക്കില്‍ കൊണ്ടുവന്ന ഫീച്ചര്‍ ഇഷ്ടപ്പെടാതെ വന്ന ദേഷ്യത്തിന് എഞ്ചിനീയര്‍ ക്രൈസ്റ്റ് പുട്ട്‌നാമിന്റെ കമ്പ്യൂട്ടറിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചുകൊണ്ട് ‘ഇത് ചീത്തയാണ് — ഇത് വീണ്ടും ചെയ്യുക!’ എന്നലറിക്കൊണ്ട് നടന്നകന്ന സംഭവമുണ്ടായിട്ടുണ്ടെന്നും കാഗന്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയുടെ ഉടമയായ സക്കര്‍ബര്‍ഗ് യഥാര്‍ത്ഥ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സാമൂഹിക വിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ സ്വഭാവമനുസരിച്ച് ആളുകള്‍ക്ക് അവര്‍ക്കറിയാവുന്നവരുമായി (പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും) ബന്ധപ്പെടാന്‍ സഹായിക്കുന്ന ഒരു സൈറ്റ് അദ്ദേഹം സൃഷ്ടിച്ചത് വളരെ വിചിത്രമാണ് എന്നും കഗന്‍ തന്റെ പുസ്തകത്തില്‍ പറയുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.