തിരുവനന്തപുരം:അഞ്ചുമന്ത്രിസഭകളിലായി രണ്ടുപതിറ്റാണ്ടോളം കേരളത്തിന്റെ സമഗ്രവികനത്തിന് അക്ഷീണം പ്രയത്നിച്ച ആര്. എസ്. പിയുടെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷന് ( 85 )അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി എട്ടേകാലോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മരണ സമയത്ത്കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും അരികിലുണ്ടായിരുന്നു.
ബ്യൂറോഒഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ സി. വൈജയന്തി ആണ് ഭാര്യ. പി. ബസന്ത് ( മാതൃഭൂമി ലേഖകന്‍, ഡല്‍ഹി), ബിനി പങ്കജാക്ഷന് ( കംപ്യൂട്ടര്‍ എന്‍ജിനിയര്‍, ടോക്കിയോ), ഡോ. ഇന്ദു.പി.വി എന്നിവര്‍ മക്കളും സിബ, റിയോക്കോളമായ് സുമി (ജപ്പാന്), ഡോ. സൈബന്‍ എന്നിവര്‍ മരുമക്കളുമാണ്. എന്‍.ശ്രീകണ്ഠന് നായര്‍ക്കും ബേബി ജോണിനും ശേഷം കേരളത്തില്‍ നിന്ന് ആര്.എസ്.പിയുടെ അമരക്കാരനായെത്തിയ കെ. പങ്കജാക്ഷന് 1970 മുതല്‍ രണ്ടു പതിറ്റാണ്ടോളം കേരള നിയമസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്ററി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.
തിരുവനന്തപുരത്ത് പേട്ടയിലെ പ്രശസ്തമായ തോപ്പില്‍ കുടുംബാംഗമായ അദ്ദേഹം പരേതരായ കെ. കേശവന്റെയും ലക്ഷ്മിയുടെയും മകനായി 1927 ഡിസംബറിലാണ് ജനിച്ചത്. കായികമന്ത്രിയെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ കെ.പങ്കളാക്ഷന് 1943കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണു പൊതുരംഗത്തേക്ക് കടക്കുന്നത്. ദിവാന് സര് സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ സജീവ പങ്കാളിയായി. ആദ്യകാല കോണ്‍ഗ്രസിന്റെയും കെ.എസ്.പിയുടെയും പ്രമുഖ പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ജ്യേഷ്ഠന് കെ. സദാനന്ദ ശാസ്ത്രിയുടെ സ്വാധീനമാണ് പങ്കജാക്ഷനെ രാഷ്ട്രീയത്തിലെത്തിച്ചത്. കുറച്ചുകാലംആര്.എസ്.പിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന പങ്കജാക്ഷന് 1995 ആഗസ്റ്റ് 25ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. ബേബിജോണ്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് അദ്ദേഹം ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ബേബിജോണ്‍ രോഗാതുരനായതിനെ തുടര്‍ന്ന് കുറച്ചുനാള്‍ പാര്‍ട്ടിയുടെ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച പങ്കജാക്ഷന് 1999 ഫെബ്രുവരിയില്‍ കൊല്ലത്ത് ചേര്‍ന്ന പാര്‍ട്ടി ദേശീയസമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1970ലാണ്ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തിരുവനന്തപുരം രണ്ടില്‍ നിന്ന് മത്സരിച്ചു ജയിച്ച അദ്ദേഹം 77ല്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്നും 1980ലും 82ലും 87ലും ആര്യനാട് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഒരുതവണ കോര്പ്പറേഷന് കൗണ്‍സിലറുമായിട്ടുണ്ട്.
1970-77 കാലത്തെ രണ്ടാമത്തെ അച്യുതമേനോന് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ദിവാകരന് 1976 ജനുവരി 19ന് നിര്യാതനായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് പങ്കജാക്ഷന് ആദ്യം മന്ത്രിയായത്. തുടര്‍ന്ന് കെ. കരുണാകരന്റെയും പിന്നീട് എ.കെ. ആന്റണിയുടെയും അതിനുശേഷം പി.കെ. വാസുദേവന്‍ നായരുടെയും നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന മന്ത്രിസഭകളിലും 1987ലെ നായനാര്‍ മന്ത്രിസഭയിലും അംഗമായി. നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പും മറ്റ് മന്ത്രിസഭകളില്‍ പൊതുമരാമത്ത് വകുപ്പുമാണ് കൈകാര്യം ചെയ്തത്. 1980ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ഗവ. ചീഫ് വിപ്പുമായിരുന്നു. ടി.കെ.ദിവാകരന്റെ ഭരണശൈലി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന പങ്കജാക്ഷന് വഴികാട്ടിയായി. കേരളമാകെ ഒറ്റ വികസനമേഖലയായി കണ്ടും പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിന് മുന്‍ഗണന നല്കിക്കൊണ്ടുമുള്ളതായിരുന്നു ആ പദ്ധതികളില്‍ അധികവും. തിരുവനന്തപുരത്ത് കേശവദാസപുരം ജംഗ്ഷന് വികസിപ്പിച്ചതും തന്പാനൂര് ഓവര്‍ബ്രിഡ്ജ് ജംഗ്ഷന് റോഡും വലിയശാല ചെന്തിട്ട ആര്യശാല റോഡും വീതി കൂട്ടാനുള്ള പണി തുടങ്ങിവച്ചതും കോട്ടപ്പുറം പാലത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടതും തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസ് നിര്‍മ്മാണം തുടങ്ങിയതും വികാസ് ഭവന്റെ പണി പൂര്‍ത്തിയാക്കിയതും പങ്കജാക്ഷന്റെ ഭരണസംഭാവനകളില് പെടും. തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ ഏറ്റവുമധികം നിലവില്‍ വന്നത് അദ്ദേഹം തൊഴില്‍ മന്ത്രിയായപ്പോഴാണ്.
കായികപ്രേമി കൂടിയായ പങ്കജാക്ഷന് തിരുവനന്തപുരത്ത് പേട്ട യംഗ്സ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ്ബിന്റെ സ്ഥാപകരില്‍ ഒരാളാണ്. കഴിഞ്ഞ 17 വര്‍ഷമായി ആ ക്ളബ്ബിന്റെ പ്രസിഡന്റാണ്. ഒരു തവണ കേരള വോളിബോള്‍ അസോസിയേഷന്റെ പ്രസിഡന്റും രണ്ടുതവണ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രസിഡന്റുമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല