![](https://www.nrimalayalee.com/wp-content/uploads/2021/11/Former-Miss-Kerala-Ansi-Kabeer-runner-up-Anjana-die-car-accident.jpg)
സ്വന്തം ലേഖകൻ: മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അൻജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
അതിനിടെ വാഹനാപകടത്തിൽ മകൾ മരിച്ചതിനെ തുടർന്ന് അൻസി കബീറിന്റെ മാതാവ് അൻസി കോട്ടേജിൽ റസീന ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് കബീർ വിദേശത്താണ്.
അൻസി കബീർ അവസാനമായി പങ്കുവച്ച കുറിപ്പും ആരാധകരെ അമ്പരപ്പിക്കുകയാണ്. പോകാൻ സമയമായി’, എന്നാണ് മരണത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് അൻസി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പച്ചപ്പിലൂടെ നടന്നുപോകുന്ന വിഡിയോയുടെ ഒപ്പം ഈ വരികളാണ് അൻസി കുറിച്ചത്. തന്റെ ജീവിതത്തിലെ ഒരോ സന്തോഷങ്ങളും സോഷ്യൽമീഡിയ വഴി ആരാധകരുമായി അൻസി പങ്കുവെക്കുമായിരുന്നു.
അവസാനമായി എഴുതിയ വാക്കുകൾ അറംപറ്റിയതിന്റെ ആഘാതത്തിലാണ് അൻസിയുടെ പ്രിയപ്പെട്ടവർ. അൻസിയെപ്പോലെ തന്നെ അഞ്ജനയും പുതിയ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇറ്റ്സ് ആ കമ്മൽ സ്റ്റോറി എന്ന ഹ്രസ്വചിത്രത്തിൽ വേഷം ലഭിച്ചതിന്റെ സന്തോഷം അഞ്ജലിയും പങ്കുവെച്ചിരുന്നു. ഇതിന്റെ ഇടയിലാണ് അപ്രതീക്ഷിതമായി മരണം ഇരുവരെയും തട്ടിയെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല