സ്വന്തം ലേഖകന്‍: അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ടാകാം എന്ന വാദവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്. 2004 ല്‍ സാന്‍ ഡീഗോയില്‍ യുഎസ് യുദ്ധവിമാനത്തിലുള്ളവര്‍ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെന്റഗണ്‍ പദ്ധതിക്കു നേതൃത്വം നല്‍കിയിരുന്ന ലൂയിസ് എലിസോന്‍ഡോയുടെ വെളിപ്പെടുത്തല്‍.
2004 ല്‍ യുഎസ് വിമാനം കണ്ടെത്തിയ അജ്ഞാതവസ്തുവിന്റെ സഞ്ചാരം ആകാശപ്പറക്കലുകളുടെ ശാസ്ത്രനിയമങ്ങളെല്ലാം ലംഘിക്കുന്നതായിരുന്നുവെന്ന് എലിസോന്‍ഡോ പറയുന്നു. ചിറകില്ലാത്ത അജ്ഞാത പേടകം ‘ഭിത്തിയില്‍ തട്ടിത്തെറിച്ച പന്തുപോലെ’ സഞ്ചരിക്കുന്നതു കണ്ടതായാണു യുഎസ് വിമാനത്തിലെ പൈലറ്റ് പറഞ്ഞത്.
ഈ വിമാനം അന്യഗ്രഹ ജീവികളുടേത് ആയിരുന്നു എന്നാണു വാദം. ആകാശത്തെ അജ്ഞാത വസ്തുക്കളെ (യുഎഫ്ഒ) തേടിയുള്ള വന്‍പദ്ധതിയുടെ അതീവരഹസ്യ സ്വഭാവത്തില്‍ പ്രതിഷേധിച്ച് എലിസോന്‍ഡോ കഴിഞ്ഞ ഒക്ടോബറില്‍ രാജിവയ്ക്കുകയായിരുന്നു. 2.87 കോടി ഡോളര്‍ ചെലവിട്ടു യുഎസ് പ്രതിരോധ വകുപ്പ് ‘അഡ്വാന്‍സ്ഡ് ഏവിയേഷന്‍ ത്രെട്ട് ഐഡന്റിഫിക്കേഷന്‍’ പദ്ധതി തുടങ്ങിയതിനെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസ് പത്രമാണു വിവരം പുറത്തുവിട്ടത്.
2007ല്‍ ആരംഭിച്ച പദ്ധതിക്കു 2012ല്‍ തിരശ്ശീല വീണെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും അതീവരഹസ്യമായി ഇപ്പോഴും തുടരുന്നുണ്ടെന്നാണു വിവരം. കണ്ടെത്തലുകളില്‍ പലതും പെന്റഗണ്‍ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഡെമോക്രാറ്റ് പാര്‍ട്ടിക്കാരനായ മുന്‍ സെനറ്റര്‍ ഹാരി റീഡിന്റെ അഭ്യര്‍ഥനപ്രകാരമായിരുന്നു പെന്റഗണ്‍ പദ്ധതിക്കു തുടക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല