1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2011

വെസ്‌റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ 153 റണ്‍സ്‌ ജയം. ജയത്തോടെ അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 3-1 നു സ്വന്തമാക്കുകയും ചെയ്‌തു. ഇന്ത്യ മുന്നോട്ടു വച്ച 419 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന്‌ 265 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കളി തീരാന്‍ നാലു പന്തുകള്‍ ശേഷിക്കെ അവര്‍ ഓള്‍ഔട്ടായി.

വിക്കറ്റ്‌കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ്‌ രാംദിനിന്റെ ചെറുത്തു നില്‍പ്പാണു വിന്‍ഡീസിനെ വമ്പന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌. കന്നി ഏകദിന സെഞ്ചുറിക്കു നാലു റണ്‍അകലെ വച്ച്‌ അവസാന ബാറ്റ്‌സ്മാനായി രാംദിന്‍ പുറത്തായി. ഇന്ത്യന്‍ നായകന്‍ വീരേന്ദര്‍ സേവാഗ്‌ കന്നി ഏകദിന ഇരട്ട സെഞ്ചുറി സ്‌കോറിംഗില്‍ നെടുംതൂണായപ്പോള്‍ ആദ്യത്തെ രാജ്യാന്തര മത്സരം കളിക്കുന്ന ലെഗ്‌ സ്‌പിന്നര്‍ രാഹുല്‍ ശര്‍മ മൂന്നു വിക്കറ്റെടുത്തു വിന്‍ഡീസിന്റെ നടുവൊടിച്ചു. ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ്‌, മര്‍ലോണ്‍ സാമുവല്‍സ്‌, സുനില്‍ നരേന്‍ എന്നിവര്‍ പോരാടിയെങ്കിലും ഇന്ത്യയുടെ സ്‌പിന്‍ മികവില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റെടുത്തു.

ഹോല്‍കര്‍ സ്‌റ്റേഡിയത്തിലെ പിച്ച്‌ ഒരുക്കിയ സമുന്ദര്‍ സിംഗ്‌ ചൗഹാന്റെ വാക്ക്‌ വെറുംവാക്കായില്ല. ബാറ്റിംഗിന്‌ അനുകൂലമായ പിച്ചാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ നാലാം ഏകദിനത്തിനു മുന്‍പ്‌ അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇതുവരെ പിറന്ന രണ്ട്‌ ഇരട്ട സെഞ്ചുറികളും പിറന്നത്‌ മധ്യപ്രദേശിലെ പിച്ചുകളിലാണെന്ന സവിശേഷതയുമുണ്ട്‌. വീരേന്ദര്‍ സേവാഗിന്റെ താണ്ഡവത്തിനു മുന്നില്‍ നിലതെറ്റിയ വിന്‍ഡീസിന്‌ ഇന്ത്യയുടെ ബാറ്റിംഗ്‌ കഴിയുന്നതുവരെ കാഴ്‌ചക്കാരുടെ റോളായിരുന്നു. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത സേവാഗിന്റെ മനസില്‍ മൂന്നാം ഏകദിനത്തിലെ ഗോള്‍ഡന്‍ ഡക്കായിരുന്നിരിക്കണം. പാര്‍ഥിവ്‌ പട്ടേലിനു പകരം ഗൗതം ഗംഭീറിനെ ജോഡിയാക്കിയാണു സേവാഗ്‌ ഇന്ത്യയുടെ ഇന്നിംഗ്‌സ് തുടങ്ങിയത്‌.

കീമര്‍ റോച്ച്‌ എറിഞ്ഞ മൂന്നാം ഓവറിന്റെ അവസാന പന്ത്‌ സിക്‌സര്‍ പറത്തിയതോടെ സേവാഗിന്റെ നയംവ്യക്‌തമായി. സേവാഗിനൊപ്പം ഗോള്‍ഡന്‍ ഡക്കായ ഗംഭീറിനും പ്രതികാരത്തിന്റെ നിമിഷങ്ങളായിരുന്നു. ഓപ്പണിംഗ്‌ വിക്കറ്റില്‍ 176 റണ്‍സെടുത്ത ശേഷമാണ്‌ അവര്‍ പിരിഞ്ഞത്‌. 67 പന്തില്‍ അത്രയും റണ്‍സെടുത്ത ഗംഭീര്‍ റണ്ണൗട്ടായി. വിന്‍ഡീസ്‌ ബൗളര്‍മാരോടു നിര്‍ദയം പെരുമാറിയ സേവാഗ്‌ 41 ാമത്തെ പന്തില്‍ 50 കടന്നു. സുനില്‍ നരേനെ സിക്‌സറിനു പറത്തിയായിരുന്നു സേവാഗ്‌ 50 അടിച്ചത്‌.

69 പന്തില്‍ അഞ്ച്‌ സിക്‌സറും ഒന്‍പതു ഫോറുമടക്കം സേവാഗ്‌ സെഞ്ചുറിയടിച്ചു കഴിഞ്ഞു തൊട്ടടുത്ത പന്തിലാണു റെയ്‌ന പുറത്തായത്‌. ഏകദിനത്തില്‍ 15 ാം തവണയാണു സേവാഗ്‌ മൂന്നക്കം കടക്കുന്നത്‌. 120 പന്തില്‍ 150 കടക്കാനും സേവാഗിനായി. ലോകകപ്പ്‌ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരേ 175 റണ്‍സെടുത്ത ശേഷം ആദ്യമായാണു സേവാഗ്‌ സെഞ്ചുറിയടിക്കുന്നത്‌. സ്വന്തം സ്‌കോര്‍ 170 ല്‍ നില്‍ക്കുമ്പോള്‍ സേവാഗ്‌ നല്‍കിയ അനായാസ ക്യാച്ച്‌ വിന്‍ഡീസ്‌ നായകന്‍ ഡാരന്‍ സാമി നഷ്‌ടപ്പെടുത്തിയതു മത്സരത്തിലെ വഴിത്തിരിവായി. മൂന്നാമനായി ഇറങ്ങിയ സുരേഷ്‌ റെയ്‌നയും കഴിഞ്ഞ കളിയിലെ പാളിച്ചയ്‌ക്കു പരിഹാരം കണ്ടു.

44 പന്തില്‍ ആറു ഫോറുകളടക്കം 55 റണ്‍സെടുത്ത റെയ്‌നയും റണ്ണൗട്ടാകുകയായിരുന്നു. റെയ്‌ന മടങ്ങുമ്പോള്‍ സ്‌കോര്‍ 300 കടന്നിരുന്നു. ഇരട്ട സെഞ്ചുറിയും സച്ചിന്റെ റെക്കോഡും കടന്നു മുന്നോട്ടു കുതിക്കവേ കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ സേവാഗിനെ വീഴ്‌ത്തി. 47 ാം ഓവറില്‍ പകരക്കാരന്‍ ആന്റണി മാര്‍ട്ടിന്‍ സേവാഗിനെ പിടികൂടുകയായിരുന്നു. അതുവരെ 149 പന്തുകള്‍ നേരിട്ട സേവാഗ്‌ ഏഴു തവണ സിക്‌സറും 25 തവണ ഫോറുമടിച്ചു. സേവാഗാണു മത്സരത്തിലെ താരം. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്‌ച ചെന്നൈയില്‍ നടക്കും.

സ്‌കോര്‍ബോര്‍ഡ്‌: ഇന്ത്യ- ഗംഭീര്‍ റണ്ണൗട്ട്‌ 67, സേവാഗ്‌ സി സബ്‌ (മാര്‍ട്ടിന്‍) ബി പൊള്ളാര്‍ഡ്‌ 219, റെയ്‌ന റണ്ണൗട്ട്‌ 55, ജഡേജ സി രാംദിന്‍ ബി റസല്‍ 10, രോഹിത്‌ ശര്‍മ ബി റോച്ച്‌ 27, കോഹ്ലി നോട്ടൗട്ട്‌ 23, പട്ടേല്‍ നോട്ടൗട്ട്‌ 3. എക്‌സ്ട്രാസ്‌: 14. ആകെ (50 ഓവറില്‍ അഞ്ചിന്‌) 418. വിക്കറ്റ്‌വീഴ്‌ച- 1-176, 2-316, 3-341, 4-376, 5-393. ബൗളിംഗ്‌: റോച്ച്‌ 10-0-88-1, രാംപോള്‍ 9-0-66-0, റസല്‍ 7-0-63-1, നരേന്‍ 6-0-46-0, സാമി 3-0-30-0, പൊള്ളാര്‍ഡ്‌ 7-0-65-1, സാമുവല്‍സ്‌ 8-0-59-0.

വിന്‍ഡീസ്‌- സിമ്മണ്‍സ്‌ സി പാര്‍ഥിവ്‌ പട്ടേല്‍ ബി ജഡേജ 36, കീരണ്‍ പവല്‍ റണ്ണൗട്ട്‌ 7, സാമുവല്‍സ്‌ ബി ശര്‍മ 33, ഹ്യാത്‌ ബി ശര്‍മ 11, രാംദിന്‍ സി രോഹിത്‌ ശര്‍മ ബി റെയ്‌ന 96, പൊള്ളാര്‍ഡ്‌ ബി ശര്‍മ 3, റസല്‍ സ്‌റ്റമ്പ്‌ഡ് പട്ടേല്‍ ബി റെയ്‌ന 29, സാമി സി മിഥുന്‍ ബി അശ്വിന്‍ 2, രാംപോള്‍ സി സബ്‌ (തിവാരി) ബി ജഡേജ 10, റോച്ച്‌ സി ആന്‍ഡ്‌ ബി ജഡേജ 7, നരേന്‍ നോട്ടൗട്ട്‌ 27. എക്‌സ്ട്രാസ്‌- 4. ആകെ: (49.2 ഓവറില്‍) 265 ന്‌ ഓള്‍ഔട്ട്‌. വിക്കറ്റ്‌വീഴ്‌ച: 1-13, 2-63, 3-81, 4-90, 5-100, 6-140, 7-145, 8-168, 9-201, 10-265. ബൗളിംഗ്‌: വിനയ്‌ കുമാര്‍ 4-0-34-0, അശ്വിന്‍ 10-0-59-1, ജഡേജ 10-2-34-3, മിഥുന്‍ 4-0-37-0, രാഹുല്‍ ശര്‍മ 10-0-43-3, റെയ്‌ന 6.2-0-17-0, രോഹിത്‌ ശര്‍മ 5-0-39-0.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.