രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ ഈടാക്കുന്ന വിലയെ കുറിച്ച് അന്വേഷിക്കുമെന്ന് ഗവണ്മെന്റ്. അന്താരാഷ്ട്ര വിപണിയില്‍ വിലക്കുറയുന്നതിന് അനുസരിച്ച് ഉപഭോക്താക്കള്‍ നല്കേണ്ടുന്ന വിലയില്‍ കച്ചവടക്കാര്‍ കുറവ് വരുത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഓഫീസ് ഓഫ് ഫെയര്‍ട്രേഡിങ്ങ് പെട്രോള്‍ വിലയെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ക്രൂഡ് ഓയില്‍ വില കുറയുന്നതിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് കമ്പനി കുറഞ്ഞ വില നല്കുന്നുണ്ടോ എന്നതാണ് ഓഎഫ്ടി അന്വേഷിക്കുന്നത്.
ഇപ്പോള്‍ പെട്രോളിന് ലിറ്ററിന് 138.9 പെന്‍സാണ് വില. ഡീസലിന് 143.5 പെന്‍സും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ പെട്രോളിന് 38 ശതമാനവും ഡീസലിന് 43 ശതമാനവും വില ഉയര്‍ന്നിട്ടുണ്ട്. പെട്രോളിനും ഡീസലിനും കൂടി ലിറ്ററിന് 97 പെന്‍സാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ അടിയന്തിരമായി വില വര്‍ദ്ധിപ്പിക്കുന്ന എണ്ണകമ്പനികള്‍ വില കുറയുമ്പോള്‍ അതേ ആവേശം പ്രകടമാക്കാറില്ലന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
ഒഎഫ്ടിയുടെ അന്വേഷണം യുകെയിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ വിലയില്‍ ഇന്ധനം ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നതെന്ന് എഎയുടെ പ്രസിഡന്റ് എഡ്മണ്ട് കിംഗ് അറിയിച്ചു. എന്നാല്‍ ഗവണ്മെന്റിന്റെ ടാക്സുകളാണ് പെട്രോള്‍ വില ഇത്രയധികം കൂടാന്‍ കാരണമെന്നാണ് മറ്റൊരു വിമര്‍ശനം. അടുത്ത വര്‍ഷത്തോടെ ഫ്യുവല്‍ ഡ്യൂട്ടി വീണ്ടും വര്‍ദ്ധിപ്പിക്കുമെന്ന ചാനസലറുടെ പ്രഖ്യാപനം കടുത്ത പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല