സ്വന്തം ലേഖകൻ: കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്ന കേസില്‍ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി. ജസ്റ്റിസ് അനിർബൻ ദാസാണ് ശിക്ഷ വിധിച്ചത്. പ്രതി ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്നും അരലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. കൂടാതെ, 17 ലക്ഷം രൂപ സർക്കാർ ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണെന്നും കോടതി.
നഷ്ടപരിഹാരം വേണ്ടെന്ന് കുടുംബം പിന്നീട് പ്രതികരിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് കേസിൽ കുടുക്കിയതാണെന്നും പ്രതി സഞ്ജയ റോയ് കോടതിയെ അറിയിച്ചു. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് സിബിഐ വാദിച്ചു. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നാണ് കോടതി വിലയിരുത്തിയത്. വിധി കേൾക്കാൻ ഡോക്ടറുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു. സഞ്ജയ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുനു. ആശുപതിയിലെ സുരക്ഷാജീവനക്കാരനായിരുന്നു പ്രതിയായ സഞ്ജയ് റോയ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മെഡിക്കല്‍ കോളേജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആരംഭിച്ച ഡോക്ടര്‍മാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളില്‍ ജോലി ബഹിഷ്കരിച്ച് ഡോക്ടര്‍മാരും സമരത്തിലായിരുന്നു.
കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കുറ്റപത്രം. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു.
പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒന്‍പതിനാണ് കുറ്റകൃത്യം ചെയ്തത്. ജൂനിയര്‍ ഡോക്ടര്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, കൂടുതല്‍ സാധ്യതകള്‍ തുടര്‍ന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10-ാം തീയതി തന്നെ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സഞ്ജയ് പിന്നീട് നടന്ന പോളിഗ്രാഫ് പരിശോധനയില്‍ വിസമ്മതിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു സഞ്ജയ് പോളിഗ്രാഫ് പരിശോധനയില്‍ പറഞ്ഞത്. ജൂനിയര്‍ ഡോക്ടറുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഡിവൈസാണ് സഞ്ജയ് റോയിയുടെ അറസ്റ്റിലേക്ക് നയിച്ചത്. സെമിനാര്‍ ഹോളുള്ള ആശുപത്രിയുടെ മൂന്നാം നിലയില്‍ സഞ്ജയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
കൊല്‍ക്കത്തയിലെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സഞ്ജയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണത്തിനായി എത്തിയപ്പോള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ സംഭവിച്ചിരുന്നതായി സിബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുള്ളതായും ആരോപണം ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 13നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല