1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2024

സ്വന്തം ലേഖകൻ: ആഴ്ചയില്‍ നാലു ദിവസം ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ബാക്കിയുള്ള സമയം കുടുംബത്തിനൊപ്പമോ മറ്റ് ആഘോഷങ്ങള്‍ക്കോ യാത്രകള്‍ക്കോ ആയി ചെലവഴിക്കാന്‍ സാധാരണക്കാരെ അനുവദിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിന്റെ പുതിയ നീക്കത്തിനു പിന്നില്‍. പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് ജോലിക്കാരുടെ അവകാശമായി മാറുന്നതായിരിക്കും.

അതേസമയം, ജീവനക്കാര്‍ക്ക് അവരുടെ മുഴുവന്‍ സമയവും ജോലി ചെയ്താല്‍ മാത്രമെ മുഴുവന്‍ ശമ്പളവും ലഭിക്കുകയുള്ളൂ. ഇത് പ്രകാരം തൊഴില്‍ സമയം നിജപ്പെടുത്തുന്നത് വഴി അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തിനുള്ളില്‍ തങ്ങളുടെ കോണ്‍ട്രാക്ട് അനുസരിച്ചുള്ള മണിക്കൂറുകള്‍ ജോലി ചെയ്ത് തീര്‍ത്താല്‍ മതിയാകും. അധികം കിട്ടുന്ന ഒരു ദിവസം കൂടി ചേര്‍ത്ത് തൊഴിലാളികള്‍ക്ക് അവധി എടുക്കാവുന്നതാണ്.

പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുന്‍പ് തന്നെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പണികള്‍ അവസാനിപ്പിക്കുന്നതാണ് തന്റെ രീതിയെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരുന്നു. ഓട്ടം സീസണില്‍ ലേബര്‍ അവതരിപ്പിക്കുന്ന ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കുന്ന പാക്കേജിലാണ് ഇതും ഉള്‍പ്പെടുകയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നറാണ് ഈ നിയമത്തിനായി കൊടിപിടിക്കുന്നത്. ബിസിനസ്സുകളും, ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നിയമം വികസിപ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ എംപ്ലോയറില്‍ നിന്നും ജോലിക്കാര്‍ക്ക് ഫ്ളെക്സിബിള്‍ തൊഴില്‍ സമയം ആവശ്യപ്പെടാമെങ്കിലും ഇത് അനുവദിക്കണമെന്ന് കമ്പനിക്ക് നിബന്ധനയില്ല. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇത് ജോലിക്കാരുടെ അവകാശമാകും. അസാധ്യമാകാത്ത സാഹചര്യങ്ങളില്‍ ഒഴിച്ച് നാല് ദിവസം ജോലി ചെയ്യാന്‍ അനുവദിച്ച് കൊടുക്കേണ്ടത് ബിസിനസ്സുകളുടെ ഉത്തരവാദിത്വമാകും. ഇതോടെ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്ത് വെള്ളിയാഴ്ച ഓഫാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.