അച്ഛനും മൂന്നും ആറും വയസുള്ള രണ്ടു കുട്ടികളും ഉള്‍പ്പെടെ നാലു പേരെ തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ജൂത വിദ്യാലയത്തിനു മുന്നില്‍ വെടിവച്ചുകൊന്നു. 30 വയസുകാരനായ യുവാവിനെയും മക്കളെയും കൂടാതെ ഒമ്പതു വയസുള്ള മറ്റൊരു വിദ്യാര്‍ഥിയും കൊല്ലപ്പെട്ടു. വെടിയേറ്റ പതിനേഴുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വെടിവയ്പ്പിനുശേഷം അക്രമി സ്കൂട്ടറില്‍ കടന്നു കളഞ്ഞതായി പൊലീസ്.
കൊല്ലപ്പെട്ടവരുടെയും മരിച്ചവരുടെയും കൂടുതല്‍ വിവരങ്ങള്‍ നിയമപരിമിതിയുള്ളതിനാല്‍ പുറത്തുവിട്ടിട്ടില്ല. ജൂത വിദ്യാലയം ഒസാര്‍ ഹറ്റോരയ്ക്കു മുന്നില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണം. സ്കൂള്‍ തുടങ്ങാന്‍ ഏതാനും മിനിറ്റുകള്‍ അവശേഷിക്കെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വന്നു കൊണ്ടിരിക്കുകയായിരുന്നു. വാഹനത്തിലെത്തിയ തോക്കുധാരി, തുരുതുര വെടിയുതിര്‍ത്തെന്ന് ദൃക്സാക്ഷികള്‍. സ്കൂള്‍ ഡയറക്റ്ററുടെ മകളും പരുക്കേറ്റവരില്‍പ്പെടും.
ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസി സംഭവസ്ഥലത്തെത്തി. രാജ്യത്തെ ജൂത, മുസ്ലിം സ്കൂളുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ആക്രമണത്തിനു പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. വാര്‍ത്ത ഞെട്ടലുളവാക്കിയെന്ന് ഇസ്രേലി വിദേശകാര്യ മന്ത്രി അവിഗ്ദോര്‍ ലീബര്‍മാന്‍ പ്രതികരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രണ്ട് അര്‍ധസൈനികര്‍ ഇതേ പ്രദേശത്ത് മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമിയുടെ വെടിയേറ്റു മരിച്ചിരുന്നു. ഒരു സൈനികന് ഗുരുതരമായി പരുക്കേല്‍ക്കുകയുമുണ്ടായി. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമായിരിക്കുന്നതിനിടെയാണ് സ്കൂള്‍ മുറ്റത്തെ ഭീകരത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല