
ഫാ. ടോമി എടാട്ട് (ലണ്ടൻ): മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുള്ള ഫാ. സ്റ്റാൻ സ്വാമിയെ എത്രയും പെട്ടെന്ന് മോചിതനാക്കണമെന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരികെ അയക്കണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആവശ്യപ്പെട്ടു. എപ്പാർക്കിയുടെ ലണ്ടൻ റീജിയണിലെ അൽമായ പരിശീലന പരിപാടി ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശ പ്രവർത്തനങ്ങളെ ഒരു ദൈവിക ശുശ്രൂഷയായി കണ്ടുകൊണ്ട് ദുർബലരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സഭ എന്നും പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. ഫാ. സ്റ്റാൻ സ്വാമിയെപ്പലെയുള്ള നിസ്വാർത്ഥമതികളായ നിരവധി പ്രേഷിതരിലൂടെയാണ് ഈ ദൈവീകശുശ്രൂഷയിൽ സഭ പങ്കാളിയാകുന്നത്. ആദിവാസികളുടെയും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളെ തകർക്കാനുള്ള ഈ ശ്രമത്തിൽ നിന്നും അധികാരികൾ പിൻവാങ്ങണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.
ഭീമകൊരേഗാവ് സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ സമിതി കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ടാണ് ഫാ. സ്റ്റാൻ സ്വാമിയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി അറസറ്റ് ചെയ്തു കൊണ്ട് പോയത്. എന്നാൽ തനിക്ക് ഈ സംഭവുമായി യാതൊരു ബന്ധവും ഇല്ലെന്ന് വൈദികൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടാതിരിക്കുവാനും എല്ലാവർക്കും തുല്യപരിഗണ ഉറപ്പുവരുത്തുവാനും ഭരണകൂടം തയ്യാറാകണമെന്നും ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്നും ബിഷപ്പ് തന്റെ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല