സ്വന്തം ലേഖകന്‍: യെമനില്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയി ഒരു വര്‍ഷം തികയുന്നു, മോചന ശ്രമങ്ങള്‍ എങ്ങുമെത്താതെ ഇരുട്ടില്‍ തപ്പി കേന്ദ്രം. യെമനിലെ ഏഥനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാര്‍ നടത്തിവന്ന അഗതി മന്ദിരത്തിനുനേരെ ആക്രമണം നടത്തിയശേഷം ഫാ. ഉഴുന്നാലിനെ ഭീകരര്‍ ബന്ദിയാക്കുകയായിരുന്നു. 2016 മാര്‍ച്ച് നാലിന് ഇന്ത്യന്‍സമയം 8.45നായിരുന്നു സംഭവം. ആക്രമണത്തില്‍ നാല് സന്യാസിനികളും 12 അന്തേവാസികളും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂണിലും ഡിസംബറിലും ഫാ. ടോം തന്റെ ഫേസ്ബുക്ക് പേജിലൂടെ സഹായം അഭ്യര്‍ഥിച്ച് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ശാരീരികമായി അവശനിലയിലായിരുന്നു അദ്ദേഹം. പാലാ രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉഴന്നാലിനെ ഭീകരര്‍ കണ്ണുകെട്ടിയിട്ട് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. വളരെ അവശനിലയിലുള്ള താടിയും മുടിയും നീട്ടിവളര്‍ത്തിയ ഉഴന്നാലിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ഫാദര്‍ ടോം ഉഴന്നാലിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ച വീഡിയോ ആണ് മാതൃഭൂമി പുറത്ത് വിട്ടത്. പാല രാമപുരം സ്വദേശിയായ ഇദ്ദേഹം എവിടെയാണെന്നതിനേക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴുമില്ല. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യജമാണെന്ന് പിന്നീട് തെളിഞ്ഞു. അതേസമയം വൈദികന്‍ ബന്ദിയാക്കപ്പെട്ടിട്ട് ശനിയാഴ്ച ഒരുവര്‍ഷം തികയാനിരിക്കെ മോചന ശ്രമങ്ങള്‍ ഏങ്ങുമെത്താത്തി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കത്തോലിക്കസഭ.
മിഷനറിയായതിനാല്‍ മോചന ശ്രമങ്ങള്‍ ഇത്രയൊക്കെ മതിയെന്ന് കേന്ദ്രം ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കണമെന്ന് വിവിധ കത്തോലിക്ക സംഘടനകളും ആരോപിക്കുന്നു. നല്ല വാര്‍ത്തക്കായി കാത്തിരിക്കുകയാണെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ആഴ്ചകള്‍ക്കു മുമ്പ് പ്രധാനമന്ത്രിയെക്കണ്ട് ഫാ. ടോമിന്റെ മോചനശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിനുപുറമെ വത്തിക്കാനും യു.എ.ഇ സര്‍ക്കാറും ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനു വേണ്ടി ശ്രമങ്ങള്‍ നടത്തുണ്ട്. വൈദികന്റെ മോചനത്തിനു ശ്രമം തുടരുന്നതായി വിദേശമന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടെ അടുത്തിടെ കേരളത്തിലത്തെിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഫാ. ടോം ഉഴുന്നാല്‍ ആരാണെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചതു വിവാദമായിരുന്നു. ബന്ദിയാക്കപ്പെട്ട് ഒരു വര്‍ഷം തികയുന്ന ശനിയാഴ്ച അച്ചനു വേണ്ടി ജന്മനാട്ടിലടക്കം പ്രാര്‍ഥനകളും ഉപവാസങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല