ഹോളിവുഡിലെ ഇന്ത്യന്‍ ഇമേജ് തകര്‍ത്തതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു…പറയുന്നത് ഫ്രെയ്ദ പിന്‍റോ. സ്ലം ഡോഗ് മില്യണെയറിലൂടെ ഹോളിവുഡിന് ഇന്ത്യ സമ്മാനിച്ച താരം. ഒറ്റപ്പെട്ട പ്രത്യക്ഷപ്പെടലില്‍ ഒതുങ്ങാത്ത താരം. ഫ്രെയ്ദയെത്തേടി എത്തിയത് അവസരങ്ങളുടെ പെരുമഴ. എല്ലാം ചാടിപ്പിടിക്കാതെ കാത്തു നിന്നതിനു ഫലമുണ്ടായി. വൂഡി അലന്‍റെ യു വില്‍ മീറ്റ് എ ടാള്‍ ഡാര്‍ക് സ്ട്രെയ്ഞ്ചര്‍, തര്‍സെം സിങ്ങിന്‍റെ ഇമ്മോര്‍ട്ടല്‍സ്…അരങ്ങേറ്റം കുറിച്ചു മൂന്നു വര്‍ഷത്തിനകം മികച്ച കഥാപാത്രങ്ങള്‍.
പനാജിയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ഫ്രെയ്ദ എത്തിയത് തൃഷ്ണ എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ്. ഇന്ത്യന്‍ സ്റ്റീരിയോ ടൈപ്പ് ഇമേജ് ഞാന്‍ തകര്‍ത്തു. ഇന്ത്യയിലെ അഭിനേതാക്കളെക്കുറിച്ച് ഹോളിവുഡിനുണ്ടായിരുന്ന ധാരണ മാറി. അതിനു നിമിത്തമാകാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസം എനിക്കുണ്ട്. സ്ലം ഡോഗ് മില്യണെയറിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോളിവുഡില്‍ ശരിയായ അവസരങ്ങള്‍ കിട്ടുന്നുണ്ട്. ഇര്‍ഫാന്‍ ഖാന്‍ സ്പൈഡര്‍മാന്‍ 4ല്‍ വില്ലനാവുന്നത് ഉദാഹരണമാണ്.
ബോളിവുഡില്‍ അഭിനയിക്കാന്‍ താത്പര്യമില്ലേ? എന്ന ചോദ്യത്തിന് മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും എന്ന പതിവു മറുപടിയല്ല ഫ്രെയ്ദ നല്‍കിയത്. വിശദമായി സംസാരിച്ചു. ചലച്ചിത്രോത്സവ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുന്നതിന്‍റെ എല്ലാ പക്വതയോടും കൂടി. ഞാന്‍ ഹോളിവുഡിലേക്കു പോകുന്നതിനു മുമ്പ് മുംബൈയില്‍ ഉണ്ടായിരുന്നു. എണ്‍പതുകളില്‍ നസിറുദ്ദീന്‍ ഷായുടേയും ശബാന അസ്മിയുടേയും സ്മിത പാട്ടീലിന്‍റേയും സിനിമകള്‍ കണ്ടു വളര്‍ന്ന എനിക്ക് അഭിനയിക്കാന്‍ ഭ്രമം തോന്നിയതു സ്വാഭാവികമല്ലേ? അവസരങ്ങള്‍ അന്വേഷിച്ചു. ചിലപ്പോള്‍ അതിനടുത്തെത്തി. എന്നാല്‍ ആരും വിളിച്ചില്ല. വിഷമം തോന്നിയില്ല. എന്‍റെ സെന്‍സിബിലിറ്റി ബോളിവുഡ് സിനിമയ്ക്കു ചേര്‍ന്നതല്ലായിരിക്കും എന്നേ തോന്നിയുള്ളൂ. ഇപ്പോള്‍ എല്ലാവരും പറയുന്നു, ഫ്രെയ്ദ ഹോളിവുഡിന്‍റെ ഭാഗമാണെന്ന്. ഞാന്‍ സിനിമയുടെ ഭാഗമാണ് എന്നു പറയുന്നതാണ് എനിക്കിഷ്ടം.
ഫ്രെയ്ദയുടെ ലാളിത്യത്തോടെയുള്ള അപ്പിയറന്‍സ് എല്ലാവര്‍ക്കും ഇഷ്ടമായി. സ്റ്റാര്‍ ഇമേജിലല്ല ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഫ്രെയ്ദ എത്തിയത്. വീട്ടില്‍ ഞാന്‍ ഇങ്ങനെയാണ്. എന്നെ വീട്ടില്‍ ആരും താരമായല്ല കാണുന്നത്. അപ്പോള്‍പ്പിന്നെ പുറത്തും ഞാന്‍ അത് ആഗ്രഹിക്കുന്നില്ല. ലോക്കല്‍ ട്രയ്നിലും ഓട്ടോ റിക്ഷയിലും യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. എന്നാല്‍ ആളുകളുടെ തുറിച്ചു നോട്ടത്തെ ഞാന്‍ ഭയക്കുന്നു.
ശരീരത്തിന്‍റെ ഭംഗി നിലനിര്‍ത്തുന്നതിനെക്കുറിച്ചും ഫ്രെയ്ദക്ക് തന്‍റേയതായ നിലപാടുകള്‍ ഉണ്ട്. കലോറി അളന്നല്ല ഭക്ഷണം കഴിക്കുന്നത്. എക്സര്‍സൈസില്‍ ശ്രദ്ധിക്കാറുണ്ട്. യുവത്വം നിലനിര്‍ത്തുക എന്ന പ്രയോഗം ശരിയല്ല. അഭിനയത്തേയോ സൗന്ദര്യത്തേയോ പ്രായത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. മെറില്‍ സ്ട്രീപ്പ്, ജൂഡി ഡെഞ്ച്, സൂസന്‍ സരാന്‍ഡന്‍, ഹെലന്‍ മിറന്‍…അങ്ങനെ എത്രയോ ഉദാഹരണങ്ങള്‍…ഹോളിവുഡില്‍ അമ്പതു കഴിഞ്ഞ ഈ താരങ്ങളെ മുമ്പത്തേക്കാളേറെ ഞാന്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നു, ഫ്രെയ്ദ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല