1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2017

സ്വന്തം ലേഖകന്‍: മെലിഞ്ഞ മോഡലുകള്‍ക്ക് നിയമം മൂലം നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്, നടപടി ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകള്‍ക്ക് തടയിടാന്‍. സൗന്ദര്യത്തിന്റെ പേരില്‍ മോഡലുകള്‍ ആരോഗ്യം നശിപ്പിച്ച് മെലിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഫ്രാന്‍സില്‍ പുതിയ നിയമം നിലവില്‍ വന്നു. മെഡിക്കല്‍ സെര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മോഡലുകള്‍ക്ക് മാത്രമേ നിയമപരമായി ഫ്രാന്‍സ് മോഡലിങ് വ്യവസായത്തില്‍ ഇനി തുടരാനാവൂ.

അനോറെക്‌സിയ(ഭക്ഷണം കഴിക്കലില്‍ ഒരു വ്യക്തി നേരിടുന്ന മാനസികമായ തകരാര്‍) പോലുള്ള രോഗങ്ങളെയും ഫാഷന്‍ രംഗത്തെ ആരോഗ്യകരമല്ലാത്ത പ്രവണതകളെയും നേരിടാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മാത്രമല്ല മോഡലുകളുടെ ഫോട്ടോകളില്‍ ഫോട്ടോഷോപ്പിലൂടെ എഡിറ്റിങ് വരുത്തിയിട്ടുണ്ടെങ്കില്‍ അത് ഫോട്ടോയുടെ മുകളില്‍ രേഖപ്പെടുത്തേണ്ടതാണെന്നും നിയമത്തിലുണ്ട്.

ഫാഷന്‍ രംഗത്തെ അതീവ മെലിഞ്ഞ മോഡലുകള്‍ തെറ്റായ ആരോഗ്യ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന നിരീക്ഷണമാണ് നിയമം മൂലം മെലിഞ്ഞ മോഡലുകളെ നിരോധിക്കുന്നതിലേക്ക് ഫ്രാന്‍സിനെ എത്തിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് 53ലക്ഷം രൂപ( 75000 യൂറോ) വരെ പിഴയടക്കേണ്ടതായോ 6 വര്‍ഷം തടവു ശിക്ഷയോ അനുഭവിക്കേണ്ടിയോ വരും.

ഫോട്ടോഷോപ്പിലൂടെ പുറത്ത് വരുന്ന മോഡലുകളുടെ ഫോട്ടോകള്‍ ആത്മവിശ്വാസം നശിപ്പിക്കുമെന്നും അത് ആരോഗ്യ സംബന്ധമായ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഫ്രാന്‍സിലെ സാമൂഹിക വകുപ്പ് മന്ത്രി പറയുന്നു. ഇതിനു മുമ്പ് ഇറ്റലി, സ്‌പെയിന്‍ ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.30000 മുതല്‍ 40000 വരെയുള്ള ജനങ്ങള്‍ ഫ്രാന്‍സില്‍ അനോറക്‌സിയ രോഗത്തിനുടമകളാണ്. ഇതില്‍ 90% സ്ത്രീകളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.