1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2018

സ്വന്തം ലേഖകന്‍: ഇന്ധന വില വര്‍ധനയ്ക്കും ജീവിത ചെലവിനുമെതിരെ മഞ്ഞക്കുപ്പായക്കാര്‍; ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ബെല്‍ജിയത്തിലേക്കും സ്‌പെയിനിലേക്കും പടരുന്നു. ഇന്ധന വിലവര്‍ധനയ് ക്കും ജീവിതസൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും എതിരേ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധം അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചു. ബെല്‍ജിയം, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ അതിര്‍ത്തി നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. ഫ്‌ലൂറസെന്റ് മഞ്ഞ നിറത്തിലുള്ള മേല്‍ക്കുപ്പായം ധരിച്ചാണ് പ്രതിഷേധം.

ഇന്നലെ ഫ്രാന്‍സിലുടനീളം നടന്ന പ്രതിഷേധ പരിപാടികളില്‍ 23,000 പേര്‍ പങ്കെടുത്തതായി ആഭ്യന്തരമന്ത്രി ക്രിസ്റ്റോഫ് കസ്റ്റാനര്‍ അറിയിച്ചു. തലസ്ഥാനമായ പാരീസില്‍ 8,000 പേരുടെ പ്രകടനമാണു നടന്നത്. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ബെല്‍ജിയത്തില്‍ ഇന്ധന ഡിപ്പോകള്‍ ഉപരോധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌പെയിനിലെ പ്രതിഷേധം രാജ്യാന്തര ഹൈവേകളില്‍ വലിയ ഗതാഗതക്കുരുക്കിനു കാരണമായി. അംഗരാജ്യങ്ങള്‍ക്കിടയിലെ ചരക്കുകടത്തിനെ പ്രതിഷേധം ബാധിച്ചതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഡീസലിനു നികുതി വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന്റെ തുടക്കം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം ക്രമേണ കുറച്ച്, ശുദ്ധ ഊര്‍ജത്തിലേക്കു മാറാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ വേണ്ടിയാണു നികുതി വര്‍ധന. ഫ്രാന്‍സിലെ ഭൂരിഭാഗം കാറുകളിലും ഡീസല്‍ ആണ് ഉപയോഗിക്കുന്നത്.

എന്നാല്‍, ജനങ്ങള്‍ നികുതി വര്‍ധനയ്‌ക്കെതിരേ തെരുവിലിറങ്ങുകയായിരുന്നു. മക്രോണിനു സാധാരണക്കാരെക്കുറിച്ച് ഒന്നുമറിയില്ലെന്നാണു പ്രതിഷേധക്കാര്‍ പറയുന്നത്. നവംബര്‍ 17നാണ് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം ആരംഭിച്ചത്. അന്നു രണ്ടേമുക്കാല്‍ ലക്ഷം പേരാണ് തെരുവിലിറങ്ങിയത്. ഒരു ദിവസത്തേക്കു മാത്രമായി തുടങ്ങിയ പ്രതിഷേധം പിന്നീട് കത്തിപ്പടരുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.