സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയര്‍ബസ് എ340 മുംബൈയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. 276 യാത്രക്കാരുമായി പാരീസിലെ വാട്രി വിമാനത്താവളത്തില്‍നിന്നാണ് എത്തിയത്.
ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം വ്യാഴാഴ്ചയാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു.
കൂടെ ആരുമില്ലാത്ത പ്രായപൂര്‍ത്തിയാവാത്ത 11 പേര്‍ ഉള്‍പ്പെടെ 303 ഇന്ത്യക്കാരാണ് വിമാനം വാട്രി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. അതേസമയം, അഭയം വേണമെന്ന് ആവശ്യപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ 25 യാത്രക്കാര്‍ ഇപ്പോഴും ഫ്രാന്‍സില്‍ തുടരുകയാണെന്നാണ് ഫ്രഞ്ച് അധികൃതകര്‍ നല്‍കുന്ന വിവരം. രേഖകളില്ലാതെ വിദേശികളെ രാജ്യത്തേക്ക് കടത്താന്‍ ഗൂഢാലോചന നടത്തിയതിന് വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടിയിട്ടുണ്ട്.
വിമാനത്തിലെ പലയാത്രക്കാര്‍ക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും ഇതേ തുടര്‍ന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. റൊമാനിയന്‍ ചാര്‍ട്ടര്‍ കമ്പനിയായ ലെജന്‍ഡ് എയല്‍ലൈന്‍സിന്റെതാണ് വിമാനം.
അമേരിക്കയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് നിക്കര്വാഗേ.നിക്കര്വാഗേ വഴി അമേരിക്കയിലേക്ക് കടക്കുകയാണ് ഇവിടെ എത്തുന്നവരുടെ ലക്ഷ്യം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ വിഭാഗത്തിന്റെ കണക്കനുസരിച്ച് 2023 സാമ്പത്തിക വര്‍ഷത്തില്‍ 96,917 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51.61 ശതമാനത്തിന്റെ വര്‍ധനവാണിത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് കടക്കാനായിരുന്നു 41770 ഇന്ത്യക്കാരുടെയും ശ്രമം. നിക്കര്വാഗേയിലേക്കോ യാത്രാ രേഖകള്‍ എളുപ്പം ലഭിക്കുന്ന മൂന്നാംനിര രാഷ്ട്രങ്ങളിലേക്കോ ഉള്ള വിമാനങ്ങള്‍ പൊതുവെ ഡുങ്കി ഫ്‌ളൈറ്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല