സ്വന്തം ലേഖകൻ: മനുഷ്യക്കടത്തെന്ന പേരിൽ ഫ്രാൻസിൽ പിടിച്ചുവച്ച വിമാനം വിട്ടയക്കണോ അതോ തടവിൽ വെക്കണോ എന്ന കാര്യത്തിൽ യാത്രക്കാരെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കാൻ വിമാനത്താവള അധികൃതരുടെ നീക്കം. പിടിച്ചുവച്ച 303 യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ദുബായിൽ നിന്ന് 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനം ഡിസംബർ 21ന് വ്യാഴാഴ്ചയാണ് മാർനെയിലെ ചാലോൺസ്-വാട്രി വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനത്തിലെ യാത്രക്കാരെ എയർപോർട്ടിലെ വെയിറ്റിംഗ് ഏരിയയിൽ തുടർന്നും നിർത്തണോ, അതോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ചുമതലപ്പെട്ട ജഡ്ജിയുടെ മുമ്പാകെയുള്ള വാദം ഞായറാഴ്ച ആരംഭിക്കുമെന്ന് ഫ്രഞ്ച് വാർത്താ പ്രക്ഷേപണ ടെലിവിഷൻ, റേഡിയോ നെറ്റ്‌വർക്ക്, ബിഎഫ്എം ടിവി എന്നിവ റിപ്പോർട്ട് ചെയ്തു. 303 യാത്രക്കാർ ഈ ഞായറാഴ്ച രാവിലെ 9 മുതൽ തിങ്കളാഴ്ച വരെ ജഡ്ജിക്ക് മുന്നിൽ ഹാജരാകണം.
“പാരീസിൽ നിന്ന് 150 കിലോമീറ്റർ കിഴക്ക് മാർനെയിലുള്ള വാട്രി എയർപോർട്ട് ഒരു കോടതി മുറിയായി മാറാൻ തയ്യാറെടുക്കുകയാണ്. മുമ്പ് ഫ്രാൻസിൽ ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഈ വിമാനത്താവളം കൂടുതലും ബഡ്ജറ്റ് എയർലൈനുകൾക്ക് സേവനം നൽകുന്നു. വിദേശികളെ 96 മണിക്കൂറിൽ കൂടുതൽ വെയിറ്റിംഗ് സോണിൽ നിർത്താൻ കഴിയാത്തതിനാൽ ഇത് അടിയന്തരമാണ്. അതിനപ്പുറം, സ്വാതന്ത്ര്യത്തിന്റെയും തടങ്കലിന്റെയും ജഡ്ജിയാണ് അവരുടെ വിധി പറയേണ്ടത്,” അഭിഭാഷകനായ ഫ്രാങ്കോയിസ് പറഞ്ഞു.
ഒരു വിദേശ പൗരൻ ഫ്രാൻസിൽ ഇറങ്ങുകയും അവർ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത് തടയുകയും ചെയ്താൽ, ഫ്രഞ്ച് അതിർത്തി പൊലിസിന് തുടക്കത്തിൽ നാല് ദിവസം വരെ അവരെ തടവിലാക്കാം, റിപ്പോർട്ട് പറയുന്നു. ഒരു ജഡ്ജി അത് അംഗീകരിക്കുകയാണെങ്കിൽ ആ കാലയളവ് എട്ട് ദിവസത്തേക്ക് നീട്ടാൻ ഫ്രഞ്ച് നിയമം അനുവദിക്കുന്നു. പിന്നെ അസാധാരണമായ സാഹചര്യങ്ങളിൽ മറ്റൊരു എട്ട് ദിവസം കൂടിയോ, അല്ലെങ്കിൽ പരമാവധി 26 ദിവസം വരെയെ കസ്റ്റഡിയിൽ വെക്കാം.
നിലവിൽ വാർട്ടി വിമാനത്താവളത്തിലുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനും, ഈ സാഹചര്യം നേരത്തേ പരിഹരിക്കുന്നതിനുമായി ഫ്രഞ്ച് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല