സ്വന്തം ലേഖകൻ: ഫ്രാന്‍സില്‍ പതിനേഴുകാരനെ വെടിവെച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ കലാപത്തിന് ശമനമില്ല. പ്രതിഷേധക്കാര്‍ തെരുവില്‍ വാഹനങ്ങള്‍ അടക്കം അഗ്നിക്കിരയാക്കി. ഇതുവരെ 1300ല്‍ അധികം ആളുകളാണ് അറസ്റ്റിലായിരിക്കുന്നത്. ഒറ്റരാത്രി കൊണ്ട് 322 പേരാണ് അറസ്റ്റിലായത്. അതേസമയം ആഭ്യന്തര മന്ത്രാലയം അക്രമ സംഭവങ്ങള്‍ക്ക് കുറവുണ്ടെന്നാണ് അവകാശപ്പെടുന്നത്.
പാരീസ് മേഖലയില്‍ നിന്ന് മാത്രം 126 പേരെയാണ് അറസ്റ്റ് ചെയ്തത്. മാഴ്‌സയില്‍ 56 പേരും, ലയോണില്‍ 21 പേരും അറസ്റ്റിലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന കലാപാഹ്വാനമാണ് അക്രമ സംഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് ആരോപണം. ഇന്റര്‍നെറ്റിന് ഉടന്‍ ഭാഗികമായ നിരോധനമേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ജര്‍മന്‍ സന്ദര്‍ശനം കലാപത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഫ്രാന്‍സിലാകെ കലാപം ആളിക്കത്തുന്നത്. ഏറ്റവും ഭയപ്പെടുത്തുന്നത്, 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് തെരുവില്‍ ഇറങ്ങുന്നതെന്ന കാര്യമാണ്. ഇവരെല്ലാം സോഷ്യല്‍ മീഡിയയിലൂടെയാണ് സംഘടിതരാവുന്നത്. വ്യാപക അക്രമങ്ങളാണ് ഇവരിലൂടെ ഉണ്ടാവുന്നത്.
കടകള്‍ കൊള്ളയടിച്ച സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിലുള്ള ടൗണ്‍ ഹാളുകള്‍ ഇവര്‍ ആക്രമിച്ച് തകര്‍ത്തു. 45000 പോലീസ് ഓഫീസര്‍മാരെ വിന്യസിച്ചിട്ടും കലാപത്തെ ഇല്ലാതാക്കാന്‍ സാധിചിട്ടില്ല. 1350 വാഹനങ്ങളും, 234 കെട്ടിടങ്ങളുമാണ് ഒറ്റരാത്രിയില്‍ കലാപകാരികള്‍ കത്തിച്ചത്. പൊതി ഇടങ്ങളില്‍ തീ ആളിപടരുന്ന 2560 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍, മാക്രോണുമായി ഫോണില്‍ സംസാരിച്ചു. രാജ്യത്തെ സാഹചര്യം മാക്രോണ്‍ ജര്‍മന്‍ പ്രസിഡന്റിനെ അറിയിച്ചു. സന്ദര്‍ശനം മാറ്റിവെക്കുകയാണെന്നും അറിയിച്ചു. അതേസമയം മാക്രോണിന് വലിയ നാണക്കേടായി ഈ സംഭവം മാറിയിരിക്കുകയാണ്. നേരത്തെ പെന്‍ഷന്റെ പേരിലുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് ചാള്‍സ് രാജാവിന്റെ ഫ്രാന്‍സ് സന്ദര്‍ശനം മാറ്റിവെക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് നാന്റെരെയിലെ സെമിത്തേരിയില്‍ കൊല്ലപ്പെട്ട നാഹലിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വലിയൊരു ആള്‍ക്കൂട്ടം തന്നെ ചടങ്ങിനെത്തിയിരുന്നു. മാധ്യമങ്ങളില്‍ നിന്ന് അകന്നൊരു ചടങ്ങ് നടത്താനായിരുന്നു നാഹലിന്റെ കുടുംബം തീരുമാനിച്ചിരുന്നത്.അതേസമയം ഫ്രഞ്ച് ഫുട്‌ബോള്‍ ടീം കലാപം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വളരെ അപൂര്‍വമായി നടക്കുന്ന കാര്യമാണിത്.വെള്ളിയാഴ്ച്ച രാത്രി അധികം അക്രമ സംഭവങ്ങളൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.
പക്ഷേ ചില മേഖലകളില്‍ രൂക്ഷമായ കലാപം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാഴ്‌സെ, ലയോണ്‍, ഗ്രെനോബിള്‍ എന്നിവിടങ്ങളിലാണ് കലാപം തുടരുന്നത്. അക്രമം തടയാന്‍ കൗമാരക്കാരായ മക്കളെ വീടുകളില്‍ നിന്ന് പുറത്തുവിടരുതെന്ന് സര്‍ക്കാര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ശരാശരി പതിനേഴ് വയസ്സുള്ളവരാണ് കലാപത്തിനായി ഇറങ്ങി തിരിച്ചിരിക്കുന്നത്. അറസ്റ്റിലായവരില്‍ 13 വയസ്സുള്ളവര്‍ വരെയുണ്ട്. ബ്രിട്ടന്‍, ബെല്‍ജിയം, പോലുള്ള രാജ്യങ്ങള്‍ ഫ്രാന്‍സിലുള്ള പൗരന്മാരോട് ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല