സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഭീകരനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയവരെ ബന്ദികളാക്കിയ ഭീകരന്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ രണ്ടിടങ്ങളിലായി മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇവരിലൊരാളുടെ നില ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഹെബ് നഗരത്തിലെ ‘സൂപ്പര്‍ യു’ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കുകയായിരുന്നു.
ഇവരെ രക്ഷിക്കുന്നതിനിടെയുണ്ടായ വെടിവയ്പിലാണു രണ്ടു പേര്‍ കൊല്ലപ്പെട്ടത്. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തുന്നതിനു മുന്‍പ് അക്രമി കാര്‍ക്കസണില്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വാഹനം തട്ടിയെടുത്താണ് അക്രമി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല