
സ്വന്തം ലേഖകൻ: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഒന്നും ചെയ്തിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരു നേതാക്കളും അടുത്ത ആഴ്ച്ച വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രസ്താവന. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍.
സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളാഡിമിർ സെലന്‍സ്കിക്ക് വലിയ പ്രാധാന്യമില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളാഡിമിർ സെലന്‍സ്കിയും ഒന്നിക്കണം. യുക്രെയ്‌നുമായി ധാതു കരാർ ഉടൻ ഒപ്പിടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ സെലന്‍സ്കി സ്വേച്ഛാധിപതി ആണെന്ന് ട്രംപ് ആരോപിച്ചിരുന്നു. സെലന്‍സ്കി വേഗത്തില്‍ തീരുമാനം എടുത്തില്ലെങ്കിൽ രാജ്യം തന്നെ നഷ്ടമാകുമെന്നും ട്രംപ് തന്റെ ഔദ്യോഗിക ട്രൂത്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് റഷ്യന്‍ നുണകളിലാണ് ജീവിക്കുന്നതെന്ന സെലന്‍സ്കിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രൂക്ഷമായ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്.
2025 ഫെബ്രുവരി 17 ന് യുദ്ധം അവസാനിപ്പിക്കാനായി നടന്ന റഷ്യ- യുഎസ് ചര്‍ച്ചയിൽ യുക്രെയ്നെ ഉൾപ്പെടുത്തിയിരുന്നില്ല. യുഎസിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നേതൃത്വത്തിലായിരുന്നു ചർച്ച. യുക്രെയ്‌നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്നാണ് വ്ളാഡിമിർ സെലൻസ്കി അന്ന് പ്രതികരിച്ചിരുന്നു. എന്നാൽ റഷ്യ-യുഎസ് ഉച്ചകോടി ഉയർന്ന നിലവാരം പുലർത്തിയെന്നായിരുന്നു പുടിൻ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചത്. സാമ്പത്തിക വിഷയങ്ങൾ, ഊർജ്ജ വിപണികൾ, ബഹിരാകാശം, മറ്റ് മേഖലകൾ എന്നിവയിൽ റഷ്യയും യുഎസും സഹകരിക്കുന്നുവെന്നും പുടിൻ പറഞ്ഞിരുന്നു.
യുക്രെയ്‌നും യൂറോപ്പും ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ, പുടിന് അനുകൂലമായ ഒരു സമാധാന കരാറിനായി ട്രംപ് സമ്മർദ്ദം ചെലുത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. യുദ്ധത്തിൽ ഒരു പ്രധാന സൈനിക പങ്കാളിയായ യുഎസിന്റെ പിന്തുണയില്ലാതെ യുക്രെയ്‌ന് അതിജീവിക്കാൻ സാധ്യത കുറവാണെന്ന് സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല