സ്വന്തം ലേഖകന്‍: പാരീസില്‍ മഞ്ഞക്കുപ്പായക്കാരുടെ സമരം രൂക്ഷം; ഫ്രഞ്ച് സര്‍ക്കാര്‍ മന്ദിരത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി പ്രതിഷേധക്കാര്‍. ഫ്രഞ്ച് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളുമായി രാജ്യമെമ്പാടും തരംഗമായ ‘മഞ്ഞക്കുപ്പായക്കാര്‍’ സമരം ശക്തമാക്കുന്നു. നിര്‍മാണസ്ഥലത്തു സാധനങ്ങള്‍ നീക്കം ചെയ്യാനുപയോഗിക്കുന്ന ട്രക്കുമായി പാരിസിലെ സര്‍ക്കാര്‍ മന്ത്രിമന്ദിരത്തിന്റെ കവാടം ഇടിച്ചു തകര്‍ത്ത് ഉള്ളില്‍ക്കയറിയ പ്രതിഷേധക്കാര്‍ രണ്ടു കാറുകള്‍ തകര്‍ത്തു.
കെട്ടിടത്തിന്റെ ജനാലകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞുടച്ചു. നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഇത്തരം അക്രമം അപലപനീയമാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ മാസം 29 നു തെരുവിലിറങ്ങിയത് 35,000 പേരായിരുന്നുവെങ്കില്‍ ശനിയാഴ്ച നിരത്തിലിറങ്ങിയത് അരലക്ഷം പേരാണ്.
മക്രോണ്‍ പ്രഖ്യാപിച്ച ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഫ്രാന്‍സിലെ ഗ്രാമീണ മേഖലകളില്‍ ആരംഭിച്ച പ്രതിഷേധമാണു യെലോ വെസ്റ്റ് ധരിച്ചുള്ള വ്യാപകസമരമായി രാജ്യമെങ്ങും പടര്‍ന്നത്. മക്രോണ്‍ വിരുദ്ധ പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി വിവിധ മേഖലകളിലെ പ്രമുഖരും രംഗത്തുണ്ട്. 20 മാസം പിന്നിടുന്ന മക്രോണ്‍ സര്‍ക്കാരിന്റെ ജനപിന്തുണ ഏറ്റവും കുറഞ്ഞ നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല