അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഫ്രാന്‍സിന്റെ ട്രിപ്പിള്‍ എ(എഎഎ) ക്രെഡിറ്റ് റേറ്റിങ് താഴ്ത്താന്‍ സാധ്യത. അടുത്ത പത്തുദിവസത്തിനുള്ളില്‍ ഈ തീരുമാനം പുറത്തുവന്നേക്കുമെന്ന് ഫ്രാന്‍സ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച ഈ പ്രഖ്യാപനം വരേണ്ടതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ട് ഇതു മാറ്റിവയ്ക്കുകയായിരുന്നുവെന്ന് ലാ ട്രിബൂണ്‍ പത്രം പറയുന്നു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറയ്ക്കാനുള്ള തീരുമാനമെടുത്തതിനുശേഷം ഏറെ വാര്‍ത്താപ്രാധാന്യം നേടിയ റേറ്റിങ് ഏജന്‍സിയാണ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍. യൂറോപ്യന്‍ യൂനിയനിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയുടെയും അതിനുശേഷം സ്‌പെയിനിന്റെയും റേറ്റിങില്‍ ഏജന്‍സി നേരത്തെ തന്നെ കുറവ് വരുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവന്ന ഉടന്‍ യൂറോയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. ഗ്രീസിനു പിറകെ പ്രതിസന്ധി രൂക്ഷമായ ഇറ്റലിക്ക് കടം നല്‍കാമെന്ന് ഐഎംഎഫ് ഉറപ്പുനല്‍കിയതോടെ ഒരു ശതമാനത്തിലധികം ഉയര്‍ന്ന യൂറോ വീണ്ടും താഴേക്കിറങ്ങുന്നത് മേഖലയിലെ പ്രതിസന്ധി സങ്കീര്‍ണമാക്കും. മേഖലയില്‍ മൊത്തത്തിലുള്ള കടം കുമിഞ്ഞുകൂടുന്നതിനാല്‍ റേറ്റിങ് ഏജന്‍സികള്‍ പ്രമുഖ രാജ്യങ്ങളുടെ ഗ്രേഡില്‍ കുറവ് വരുതതുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല