സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാങ്കോയിസ് ഫില്ലന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. പ്രസിഡന്റു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള രണ്ടാം പ്രൈമറിയില്‍ മുന്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലന്‍ മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ അലെന്‍ ഷൂപ്പെയെ പരാജയപ്പെടുത്തി. 67 ശതമാനം വോട്ടുകള്‍ നേടിയാണ് ഫില്ലന്‍ തന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.
ഇതിനു മുന്‍പു നടന്ന പ്രൈമറിയില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ പിന്തള്ളയാണ് ഫില്ലന്‍ വിജയം കണ്ടിരുന്നത്. അന്ന് 44 ശതമാനം വോട്ടാണ് ഫില്ലന്‍ നേടിയത്. ഇത് ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദ്യ പ്രൈമറിയില്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ തോല്‍പ്പിച്ച് ഫ്രാന്‍കോയിസ് ഫില്ലന്‍ ഒന്നാമതും അലെയ്ന്‍ ജൂപ്പ് രണ്ടാമതും എത്തിയിരുന്നു. ജനഹിതം മാനിക്കുന്നതായും ഒന്നാംഘട്ട പ്രൈമറിയില്‍ മുന്നിലെത്തിയ ഫില്ലനു പിന്തുണ നല്‍കുമെന്നും സര്‍ക്കോസി പ്രതികരിച്ചു.
ജൂപ്പ്, ഫില്ലന്‍ എന്നിവരടക്കം ഏഴു പേരാണ് വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റിനായി രംഗത്തെത്തിയിരുന്നത്. ഫ്രാന്‍സില്‍ ഇടതുപക്ഷം വിഭജിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പ്രസിഡന്റ് പദവിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല