സ്വന്തം ലേഖകന്‍: അമേരിക്കന്‍ സ്വദേശിയുടെ പൊള്ളലേറ്റ കൈ ഡോക്ടര്‍മാര്‍ വയറില്‍ തുന്നിച്ചേര്‍ത്തു. കൈ ശരിയാക്കുന്നതിനായി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാതിരുന്നപ്പോഴാണ് ഡോക്ടര്‍മാര്‍ കൈ വയറില്‍ തുന്നിച്ചേര്‍ക്കാമെന്ന തീരുമാനത്തിലെത്തിയത്. 87 കാരനായ യുഎസിലെ ടെക്സസ് സ്വദേശി ഫ്രാങ്ക് റെയെസിനാണ് കൈ വയറിലായത്.
ട്രെയ്ലറിന്റെ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയതോടെയാണ് റെയെസിന്റെ ദുരിത കഥയുടെ തുടക്കം. ജാക്കി തെന്നിയതോടെ കൈ ഇരുമ്പ് ചട്ടയില്‍ ഇടിച്ചു. ഏകദേശം അരമണിക്കൂറോളം കൈ അവിടെ കുടുങ്ങി. അപകടത്തില്‍ ചൂണ്ടുവിരല്‍ നഷ്ടപ്പെട്ടു. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം. പരിശോധന നടത്തിയ ഹൂസ്റ്റണ്‍ മെതോഡിസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ പലതും അവലംബിച്ചെങ്കിലും പൊള്ളലേറ്റ കൈ രക്ഷപെടുത്താനാവില്ലെന്നു വ്യക്തമായി.
ഇതോടെയാണ് പ്ലാസ്റ്റിക് സര്‍ജനായ ഡോ.ആന്റണി ഇക്കോ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. അധികം കേട്ടിട്ടില്ലെങ്കിലും അപൂര്‍വമായി ഇത്തരം ശസ്ത്രക്രിയകള്‍ നടത്താറുണ്ട്. താമസിയാതെ തന്നെ റെയെസ്സിന്റെ കൈ, വയറിലെ കോശങ്ങള്‍ക്കിടയില്‍ തുന്നിച്ചേര്‍ത്തു. ഇതു ഫലം കണ്ടു. കൈയിലെ കോശങ്ങള്‍ വളരാന്‍ തുടങ്ങി. തുടര്‍ന്ന് വയറിലെ കോശങ്ങളും കൈയിലില് വച്ചുപിടിപ്പിച്ചു. മൂന്നാഴ്ചയ്ക്കു ശേഷം കൈ വയറില്‍ നിന്ന് എടുത്തുമാറ്റി. ഇപ്പോള്‍ റെയെസ്സിന് കൈവിരലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല