ഫ്രീക്ക് അറ്റാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുരക്ഷാ പിഴവു മൂലം ഗൂഗില്‍, ആപ്പിള്‍ എന്നീ കമ്പനികളുടെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരതുന്ന പതിനായിരക്കണക്കിന് ഉപയോക്താക്കളും വെബ്‌സൈറ്റുകളും സുരക്ഷാ ഭീഷണിയില്‍. ഉപയോക്താക്കള്‍ പാസ്‌വേര്‍ഡുകളും യൂസര്‍നെയിമും പോലുള്ള വ്യക്തിപരവും സുരക്ഷാ പ്രധാനവുമായ വിവരങ്ങള്‍ ബെബ്‌സൈറ്റുകളില്‍ നല്‍കുമ്പോള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകളിലാണ് സുരക്ഷാ പാളിച്ച കണ്ടെത്തിയത്.
എന്നാല്‍ ഗൂഗിളും ആപ്പിളും ഈ സുരക്ഷാ പാളിച്ചക്ക് അമേരിക്കന്‍ സര്‍ക്കാരിനെയാണ് പഴിചാരുന്നത്. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ വിദേശത്ത് വില്‍ക്കുമ്പോള്‍ ദുര്‍ബലമായ സുരക്ഷാ മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി അമേരിക്കന്‍ സര്‍ക്കാരിന്റെ നിലപാട്. ഈ നയം പിന്നീട് ഉപേക്ഷിച്ചു.
എന്നാല്‍ ആ ദുര്‍ബലമായ സോഫ്റ്റ്‌വെയറുകള്‍ ഇന്നും പ്രചാരത്തിലുണ്ട്. അവ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഉപയോക്താക്കള്‍ പങ്കുവക്കുന്ന രഹസ്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് അനായസം ചോര്‍ത്താനാകും. ഒരു ഉപയോക്താവ് വ്യക്തിപരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്‍കുമ്പോള്‍ അത് ചോര്‍ത്തപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ആയാണ് ആ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുന്നത്.
ഇപ്രകാരം എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍ സൂക്ഷിക്കുന്ന മൂന്നിലൊന്ന് വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നത് പഴയ ഗൂഗില്‍, ആപ്പിള്‍ പ്രോഗ്രാമുകളാണ്. ഇക്കൂട്ടത്തില്‍ അമേരിക്കന്‍ എക്‌സ്പ്രസ്, ഗ്രൂപ്പോണ്‍, മാരിയറ്റ്, കോള്‍സ് എന്നീ പ്രമുഖ കമ്പനികളുടെ സൈറ്റുകളുമുണ്ട്.
ആപ്പിളിന്റെ വെബ് ബ്രൗസറുകള്‍ക്കും ഗൂഗില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കുന്ന ബ്രൗസറുകള്‍ക്കുമാണ് ഭീഷണി. എന്നാല്‍ ഗൂഗില്‍ ക്രോമിനും മോസില്ല ഫയര്‍ ഫോക്‌സിനും ഈ പ്രശ്‌നമില്ല. സുരക്ഷാ പാളിച്ച പുറത്തു വന്നതിനെ തുടര്‍ന്ന് ആപ്പിളും ഗൂഗിളും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല