സ്വന്തം ലേഖകന്‍: 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്രാ സൗകര്യവുമായി ജയലളിത സര്‍ക്കാര്‍. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബസ് യാത്ര സൗജന്യമാക്കാനുള്ള പദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
60 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് മാസത്തില്‍ പത്ത് തവണ വരെ സര്‍ക്കാര്‍ ബസില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അസംബ്ലിയില്‍ വ്യക്തമാക്കി. 2011 ല്‍ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുകയാണെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ജയലളിത പറഞ്ഞു.
ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24 മുതലാണ് പദ്ധതി നിലവില്‍ വരിക. പ്രാഥമിക ഘട്ടത്തില്‍ ചെന്നൈയില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമാകും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
60 വയസ് കഴിഞ്ഞവര്‍ ബസ് ഡിപ്പോകളില്‍ നിന്ന് സൗജന്യ യാത്രയുടെ ടോക്കണ്‍ എടുത്താണ് ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല