1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2023

സ്വന്തം ലേഖകൻ: അയര്‍ലൻഡിൽ ഐവിഎഫ് വഴി കൃത്രിമ ഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്പതികള്‍ക്ക് ഒരു തവണ ഐവിഎഫ് ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വരും ദിവസങ്ങളില്‍ മന്ത്രിസഭയെ അറിയിക്കും.

അയര്‍ലൻഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വന്ധ്യതാ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഈ വര്‍ഷം 10 മില്യൻ യൂറോയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. നേരത്തെ സ്വന്തം ചെലവില്‍ ഒരു തവണ മാത്രം ഐവിഎഫ് നടത്തിയ ദമ്പതികള്‍ക്ക് പദ്ധതി വഴി സഹായം ലഭിക്കും. പ്രൈവറ്റ് ക്ലിനിക്കുകള്‍ വഴി ഹെൽത്ത്‌ സർവീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ അയർലൻഡ്) ആണ് പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കുക.

പദ്ധതിക്ക് അര്‍ഹരാണോ എന്ന് തീരുമാനിക്കുന്നതിന് വന്ധ്യത പരിശോധന, പരമാവധി പ്രായം കണക്കാക്കൽ, ബോഡി മാസ് ഇന്‍ഡ്ക്‌സ്, നിലവിലുള്ള കുട്ടികളുടെ എണ്ണം എന്നിവ പരിശോധിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്ന തരത്തില്‍ അധിക ഫണ്ട് അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന പറയുന്നത് അനുസരിച്ച് ലോകം മുഴുവന്‍ ഏതാണ്ട് 15 ശതമാനത്തോളം പേര്‍ വന്ധ്യത കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. ഇതില്‍ വെറും ഒരു ശതമാനം മാത്രമേ ചികില്‍സ തേടുന്നുള്ളൂ. ഇത്തരത്തിലുള്ളവർക്ക് കൃത്യമായ ചികില്‍സിയിലൂടെ കുഞ്ഞെന്ന സ്വപ്നം യാഥാർഥ്യമാക്കനാണ് അയർലൻഡ് സർക്കാരിന്റെ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.