യുകെയില്‍ ഇലക്ഷന്‍ പ്രചരണം പൊടിപൊടിക്കുകയാണ്. ഇരുപാര്‍ട്ടികളും വന്‍ പ്രചരണമാണ് അഴിച്ച് വിടുന്നത്. വാഗ്ദാനങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടികള്‍ അല്പംപോലും പുറകിലല്ലതാനും. കേരളത്തിലെ ഇലക്ഷനുകളില്‍ നടക്കുന്നപോലെ നല്ല റോഡ്, ഭക്ഷണം, പാര്‍പ്പിടം മുതലായ കാര്യങ്ങളൊന്നും യുകെയിലെ തിരഞ്ഞെടുപ്പ് വിഷയങ്ങളല്ല. അല്ലെങ്കില്‍ അതല്ല അവിടത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍. കുടിയേറ്റ പ്രശ്‌നം എല്ലാ പാര്‍ട്ടിയും ഒരുപോലെ ഏറ്റെടുക്കുമ്പോള്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ കാര്യങ്ങളാണ് പ്രധാനമായും പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത്.
്കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നല്‍കിയിരിക്കുന്ന പുതിയ വാഗ്ദാനം 500 സൗജന്യസ്‌കൂളുകളാണ്. അതായത് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ യുകെയിലാകമാനം സൗജന്യസ്‌കൂളുകളുണ്ടായിരിക്കും. ഇത് വലിയ വാഗ്ദാനം തന്നെയാണ്. കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ഈ പറയുന്ന സൗജന്യം കിട്ടുമോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ലെങ്കിലും സൗജന്യ സ്‌കൂളുകളുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനം ഉറപ്പാണ്. അവരെ ജയിപ്പിക്കണമെന്ന് മാത്രം.
വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം വേണമെന്ന് സമീപകാലത്ത് നടന്ന ചില സര്‍വ്വേകള്‍ വ്യക്തമാക്കിയിരുന്നു. കണക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബ്രിട്ടീഷ് കുട്ടികള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും കുട്ടികളുടെ സാഹിത്യാഭിരുചി കുറഞ്ഞതും ചരിത്രബോധമില്ലായ്മയുമെല്ലാം പഠനസമ്പ്രദായത്തിന്റെ പോരായ്മയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഇത് മെച്ചപ്പെടുത്താന്‍ തന്നെയാണ് ശ്രമം. അതിന്റെ ഭാഗമായിട്ടാണ് പുതിയ സൗജന്യസ്‌കൂളുകള്‍ ഇലക്ഷന്‍ പ്രചരണായുധമായത്. കേവലം സ്‌കൂളുകള്‍ അനുവദിക്കുമെന്ന് മാത്രമല്ല, പഠനനിലവാരം മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ട്.
പ്രൈമറി സ്‌കൂള്‍ മുതല്‍ സെക്കന്ററി തലംവരെ സൗജന്യ സ്‌കൂളുകളില്‍ പഠിക്കാന്‍ സാധിക്കും. മിടുക്കരായ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുക ആയിരിക്കും ഈ സ്‌കൂളുകളുടെ ലക്ഷ്യമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല