1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2025

സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിൻ്റെ പുരോഗതി ഇരു രാജ്യങ്ങളുടെയും വാണിജ്യ മന്ത്രിമാർ അവലോകനം ചെയ്തു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫും തമ്മിൽ മസ്‌കറ്റിൽ നടന്ന ചർച്ചയിലാണ് കരാറിന്റെ പുരോഗതി വിലയിരുത്തിയത്.

സാമ്പത്തിക പങ്കാളിത്ത കരാർ , വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ചർച്ച ചെയ്യുക എന്നിവയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാനഉദ്ദേശമെന്ന് ഗോയൽ എക്‌സിൽ കുറിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കുന്നത്.

ജനുവരി 14-ന് ഇന്ത്യയും ഒമാനും ഉഭയകക്ഷി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കരാറിനായി അഞ്ചാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. 2023-24 ൽ ഒമാനുമായുള്ള ഇന്ത്യയുടെ വ്യാപാരം 8.9 ശതകോടി ഡോളറാണ്. ഇന്ത്യയുടെ കയറ്റുമതി 4.2 ശതകോടി ഡോളറും ഇറക്കുമതി 4.5 ശതകോടി ഡോളറുമാണ്.

സ്വതന്ത്ര വ്യാപാര കരാറിൽ ഏർപപ്പെടുന്നതോടെ ഇരു രാജ്യങ്ങളുടെയും ചരക്കുകളുടെ നികുതി കുറക്കകയും വ്യാപാരം വർധിപ്പിക്കുകയും ചെയ്യും. 2023ൽ ഒമാൻ ഭരണാധികാരിയുടെ ഇന്ത്യാ സന്ദർശനത്തോടെയാണ് കരാറിന് കൂടുതൽ വേഗം കൈവന്നത്. ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായേക്കുമെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ. ഇന്ത്യയിൽ നിന്ന് ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ‌്, മെഷിനറി, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, മാംസം, അവശ്യ എണ്ണകൾ, മോട്ടോർ കാറുകൾ എന്നിവയുടെ കയറ്റുമതി ഒമാനിലേക്ക് വർധിക്കും. ഒമാനിൽ ഈ സാധനങ്ങൾക്ക് നിലവിൽ അഞ്ച് ശതമാനം ഇറക്കുമതി തീരുവയാണ് ഉള്ളത്.

പെട്രോളിയം ഉൽപന്നങ്ങളും യൂറിയയുമാണ് ഇന്ത്യയുടെ പ്രധാന ഇറക്കുമതി. ചർച്ചകൾ ഏതാണ്ട് പൂർത്തിയായതായാണ് റിപ്പോർട്ട്. കരാറിൽ ഒപ്പിടുകയെന്ന ഘട്ടമാണ് ഇനിയുള്ളത്. അതേസമയം, രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിലൂടെ വ്യാപാരകരാറിൽ നിർണ്ണായക പുരോഗതി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒമാനും ഇന്ത്യയും തമ്മിലുള്ള പതിനൊന്നാമത് ജോയിന്റ് കമീഷൻ മീറ്റിംഗാണ് ഇപ്പോൾ നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.