തണുപ്പുകാലത്ത് മരവിക്കാന്‍ സാധ്യതയുള്ള വീടുകളെക്കുറിച്ച് വിവരം നല്കാന് എന്‍എച്ച്എസ് പ്ലംബര്‍മാരോടും ശീതീകരണ തൊഴിലാളികളോടും ആവശ്യപ്പെട്ടു. തണുപ്പുകാലത്തെ പ്രായമായവരും രോഗികളും മരവിച്ച് മരിക്കുന്നത് തടയാനാണ് എന്‍എച്ച്എസിന്റെ ഈ നടപടി.
സാധാരണ നിലയേക്കാള്‍ ശരാശരി 24,000 ത്തില്‍ അധികം മരണങ്ങളാണ് യുകെയില്‍ തണുപ്പുകാലത്ത് രേഖപ്പെടുത്താറുള്ളത്. മരണങ്ങളില്‍ അധികവും ഹൃദയാഘാതവും ശ്വാസകോശ രോഗങ്ങളും കാരണമാണ്. ഒപ്പം ഓരോ മരണത്തിനും എട്ടു പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ആരോഗ്യേതര പ്രൊഫഷണലുകള്‍, ജിപിമാര്‍, നഴ്സുമാര്‍ എന്നിവരടങ്ങിയ ഒരു അദൃശ്യ സൈന്യത്തെ തന്നെ ദുര്‍ബലരായ രോഗികളെ തണുപ്പുകാലത്തെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ രംഗത്തിറക്കേണ്ടി വരുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സ് അറിയിച്ചു.
പ്രതിരോധ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രോഗികളെ സന്ദര്‍ശിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വീടിന്റെ അവസ്ഥ കൂടി വിലയിരുത്തും. ഇത്തരം വീടുകള്‍ എളുപ്പം ശ്രദ്ധയില്‍ പെടുന്ന പ്ലംബര്‍മാര്‍. ശീതീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കം വിവരം അധികൃതര്‍ക്ക് കൈമാറാവുന്നതാണ്.
ബ്രിട്ടനില്‍ 1,50,000 ഹീറ്റിംഗ് എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നു എന്നാണ് കണക്ക്. ഇവരെല്ലാം ചേര്‍ന്ന് ഒരു വര്‍ഷം ശരാശരി 8 മില്യണ്‍ വീടുകള്‍ സന്ദര്‍ശിക്കുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്ക് സഹായം ആവശ്യമുള്ള വീടുകളേയും ആളുകളേയും എളുപ്പം കണ്ടെത്താന്‍ കഴിയും.
താലനില ആറു ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നാല്‍ അത് ഏറ്റവുമധികം ബാധിക്കുക പ്രായമായവരേയും, കുറഞ്ഞ വരുമാനം ഉള്ളവരേയും, മാനസിക പ്രശ്നങ്ങള്‍ ഉള്ളവരെയും, അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളേയും, ഗര്ഭിണികളേയുമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല