സ്വന്തം ലേഖകൻ: വടക്കന്‍ ഫ്രാന്‍സിലെ കലായ്‌സില്‍ ആയിരക്കണക്കിന് അനധികൃത അഭയാര്‍ത്ഥികള്‍, ബ്രിട്ടനില്‍ ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും കാത്തിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആരോപിച്ചു. ചാനല്‍ വഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയുവാന്‍ സ്റ്റാര്‍മറിന്റെ പക്കല്‍ കാര്യക്ഷമമായ പദ്ധതികള്‍ ഇല്ലെന്നും ഋഷി ആരോപിച്ചു. അധികാരത്തിലെത്തിയ ഉടനെ റുവാണ്ടന്‍ പദ്ധതി പിന്‍വലിക്കുമെന്ന കീര്‍ സ്റ്റാര്‍മറുടെ പ്രസ്താവനയാണ് ഇപ്പോള്‍ അനധികൃത അഭയാര്‍ത്ഥികള്‍ക്ക് ആവേശം നല്‍കുന്നത്.
യുകെ ഹോം ഓഫീസിന്റെ കണക്കുകള്‍ അനുസരിച്ച്, ഈ വര്‍ഷം ആദ്യ ആറു മാസങ്ങളില്‍ 12,901 പേരാണ് ചാനല്‍ വഴി അനധികൃതമായി ബ്രിട്ടനില്‍ എത്തിയിരിക്കുന്നത്. 2022ല്‍ ഇതേ കാലയളവില്‍ 12,747 പേര്‍ വന്നതിന്റെ റെക്കോര്‍ഡ് ഇതോടെ തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ആറര വര്‍ഷക്കാലത്തിനിടയില്‍ ചാനല്‍ വഴി 1,27,246 പേരാണ് അനധികൃതമായി യുകെയില്‍ എത്തിയിരിക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുടിയേറ്റ നയങ്ങളെ ന്യായീകരിച്ച ഋഷി സുനക്, കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയാല്‍ തങ്ങള്‍ തടവിലാക്കിയ അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ സ്വതന്ത്രരാക്കി തെരുവുകളിലേക്ക് വിടുമെന്നും പറഞ്ഞു. കുടിയേറ്റം ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമായതോടെ, അത് വിദഗ്ധമായി ഉപയോഗിക്കുകയാണ് ഋഷി സുനക് എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അനധികൃത അഭയാര്‍ത്ഥികള്‍ റുവാണ്ടയിലെക്ക് പറക്കുകയില്ല, പകരം അവര്‍ നമ്മുടെ തെരുവുകളിലായിരിക്കും ഉണ്ടാവുക എന്ന് സണ്‍ പത്രം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ഡിബേറ്റില്‍ പങ്കെടുത്തുകൊണ്ട് ഋഷി സുനക് പറഞ്ഞു. രാജ്യത്തിന്റെ പൊതു സേവനങ്ങള്‍ക്ക് മേല്‍ അവര്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തും. അവര്‍ ഇപ്പോള്‍ കലായ്‌സില്‍ ലെബര്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണെന്നും ഋഷി സുനക് പറഞ്ഞു.
അതേസമയം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ തുടര്‍ന്നാല്‍, തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന അഭയാര്‍ത്ഥിത്വ അപേക്ഷകള്‍ ഈ വര്‍ഷം അവസാനത്തോടെ ഇരട്ടിയാകും എന്നായിരുന്നു കീര്‍ സ്റ്റാര്‍മര്‍ തിരിച്ചടിച്ചത്. നിലവില്‍ 50,000 ഓളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്, ഋഷി സുനക് വീണ്ടും പ്രധാനമന്ത്രി ആയാല്‍ വര്‍ഷാവസാനത്തോടെ അത് ഒരു ലക്ഷമാകും എന്നായിരുന്നു കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല