സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ഐഎസ് ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയ വൈദികന്‍ ഫാ.ഷാക് ഹാമലിന്റെ മൃതദേഹ സംസ്‌കാരം ഇന്ന്. റൂവനിലെ കത്തീഡ്രലിലാണ് നഗരപ്രാന്തത്തിലെ സാന്‍ എറ്റിയന്‍ ഡു റൂവ്‌റ ദേവാലയത്തില്‍ സഹവികാരിയായിരുന്ന ഫാ.ഹാമലിന്റെ സംസ്‌കാരം. 85 വയസുകാരനായ അദ്ദേഹം ദിവ്യബലിമധ്യേ ആണ് അള്‍ത്താരയില്‍ രക്തസാക്ഷിയായത്.
ഫാ.ഹാമലിനെ വധിച്ച ഭീകരര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. അവരുമായി ബന്ധപ്പെട്ടിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഡെല്‍ കെര്‍മിഷ്, അബ്‌റുല്‍ മാലിക് നബീല്‍ പെറ്റീഷന്‍ എന്നിവരാണു കൊല്ലപ്പെട്ട 19 വയസുകാരായ ഭീകരര്‍. പെറ്റീഷന്റെ ബന്ധു ഫരീദ് എന്ന മുപ്പതുകാരനും, സിറിയയിലേക്കു പോകാന്‍ ശ്രമിച്ച ഷാന്‍ ഫിലിപ്പ് സ്റ്റീവന്‍ എന്ന ഇരുപതുകാരനുമാണ് അറസ്റ്റിലായത്.
ആക്രമണത്തിന് ഒരാഴ്ചമുമ്പ് കെര്‍മിഷ് ടെലാഗ്രാം എന്ന ആപ്പില്‍ നല്‍കിയ ശബ്ദസന്ദേശം പോലീസ് കണ്ടെത്തി. ”ഒരു കത്തിയെടുക്കുക, പള്ളിയിലേക്കു പോകുക, കൂട്ടക്കുരുതി നടത്തുക… രണ്ടോ മൂന്നോ പേരെയെങ്കിലും കൊല്ലുക… നിങ്ങള്‍ ചെയ്യേണ്ടതുചെയ്യൂ’ എന്നായിരുന്നു സന്ദേശം.
താന്‍ ജയിലിലായിരുന്നപ്പോള്‍ പരിചയപ്പെട്ട ഷെയ്ക്ക് ആണ് തനിക്കു പുത്തന്‍ ആശയങ്ങള്‍ തന്നതെന്നും ഭീകരപ്രവര്‍ത്തകരുടെ ഒരു സംഘം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നും സന്ദേശങ്ങളില്‍ പറയുന്നു. പാരീസിനു പുറത്തു ഫ്‌ളൂറി മെറോഗി ജയിലിലാണ് 2015 മേയ് മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ കെര്‍മിഷിനെ പാര്‍പ്പിച്ചത്.
കസേരയിലിരുന്നു ജിഹാദി വാചകമടിക്കുന്നയാളാണു താനെന്നു പരിഹസിച്ച സഹോദരന്മാര്‍ക്കു താമസിയാതെ മറുപടി നല്‍കുമെന്ന് ഒരു സന്ദേശത്തില്‍ കെര്‍മിഷ് പറഞ്ഞിരുന്നു. ല എക്‌സ്പ്രസ് പത്രമാണു കെര്‍മിഷിന്റെ സന്ദേശങ്ങള്‍ പുറത്തുവിട്ടത്. കെര്‍മിഷും പെറ്റീഷനും സംഭവത്തിനു മൂന്നു ദിവസം മുമ്പാണു കണ്ടുമുട്ടിയതെന്നും പോലീസ് വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല