സ്വന്തം ലേഖകൻ: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനു തിരിച്ചടി. ആദ്യ ഘട്ട വോട്ടെടുപ്പില്‍ തീവ്ര വലതുപക്ഷപാർട്ടിയായ നാഷണൽ റാലി (ആർഎൻ) ലീഡ് നേടിയതായി റിപ്പോർട്ട്. മരീൻ ലെ പെന്നിന്റെ നാഷണൽ റാലിയും സഖ്യകക്ഷികളും 33 ശതമാനം വോട്ട് നേടി. ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്പി) 28 ശതമാനം വോട്ടു നേടി രണ്ടാമതെത്തി. മക്രോണിന്റെ പാർട്ടിക്ക് 20 ശതമാനം വോട്ടാണു നേടാനായത്.
നാഷണൽ റാലിക്കു സർക്കാർ രൂപവത്കരിക്കാനായേക്കുമെന്നാണ് ആദ്യഘട്ട ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ മാസം ഏഴിന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ തീവ്ര വലതുകക്ഷിയായ ആർഎൻ അധികാരത്തിൽ എത്തുന്നത് തടയാൻ മറ്റു കക്ഷികൾ ഒന്നിച്ചേക്കുമെന്നാണു കരുതുന്നത്. ആർഎന്നിനെ പ്രതിരോധിക്കാൻ മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാർഥികളെ പിൻവലിച്ച് തീവ്ര വലതുപക്ഷത്തെ എതിർക്കുന്ന മറ്റ് പാർട്ടികളെ പിന്തുണയ്ക്കുമെന്ന് ഇടതുപക്ഷ സഖ്യം അറിയിച്ചു.
യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാഷണൽ റാലി വൻ വിജയം നേടിയതോടെയാണു മക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഞായറാഴ്ച നടന്ന വോട്ടിംഗിൽ, ദേശീയ അസംബ്ലിയിലേക്കുള്ള 577 സീറ്റുകളിൽ 78 സീറ്റുകളിലെ സ്ഥാനാർഥികളും 50 ശതമാനത്തിലധികം വോട്ടുനേടി വിജയിച്ചു. അതിൽ 38 പേർ ലെ പെൻ ഉൾപ്പെടെ നാഷണൽ റാലിയിൽനിന്നുള്ളവരാണ്.
രണ്ടാം ഘട്ടത്തിൽ ലെ പെന്നിന്റെ പാർട്ടി 260-310 പാർലമെന്റ് സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ദേശീയ അസംബ്ലിയില്‍ 289 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. കേവലഭൂരിപക്ഷം ആർഎന്നിനു ലഭിച്ചാൽ രണ്ടാംലോകയുദ്ധത്തിനുശേഷം ആദ്യമായി തീവ്ര വലതുപാർട്ടി ഫ്രാൻസിൽ അധികാരത്തിലെത്തും.
പാർട്ടി അധ്യക്ഷനും യുവനേതാവുമായ ജോർദാൻ ബർദെല (28) പ്രധാനമന്ത്രിയാകും. ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ ആകെ പോളിംഗ് 25 ശതമാനത്തിൽ കുറഞ്ഞതും വിജയിക്ക് 50 ശതമാനം വോട്ടുകിട്ടാത്തതുമായ മണ്ഡലങ്ങളിലാണ് ജൂലായ് ഏഴിന് വോട്ടെടുപ്പ്. രണ്ടാംഘട്ടത്തിൽ മത്സരിക്കണമെങ്കിൽ സ്ഥാനാർഥിക്ക് ആദ്യത്തേതിൽ കുറഞ്ഞത് 12.5 ശതമാനം വോട്ടുകിട്ടിയിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല