സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ ബീച്ചുകളില്‍ ബുര്‍കിനി നിരോധനം, വിലക്ക് ലംഘിക്കുന്ന സ്ത്രീകളുടെ പിഴ അടക്കാമെന്ന് പ്രമുഖ വ്യവസായി. ഫ്രാന്‍സിലെ പ്രമുഖ ബീച്ചുകളില്‍ മുസ്ലീം സ്ത്രീകളുടെ നീന്തല്‍ വസ്ത്രമായ ബുര്‍കിനി നിരോധനം ഏര്‍പ്പെടുത്തിയ ഫ്രഞ്ച് നഗരങ്ങളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രമുഖ വ്യവസായി രംഗത്തെത്തിയിരിക്കുന്നത്.
വിലക്ക് ലംഘിക്കുന്ന സ്ത്രീകള്‍ക്ക് ചുമത്തുന്ന പിഴയടച്ചാണ് അല്‍ജീരിയന്‍ വംശജനും പ്രമുഖ വ്യവസായിയുമായ റാശിദ് നികാസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. കണ്ണൊഴിച്ച് മുഖം മുഴുവന്‍ മറയ്ക്കുന്ന നിഖാബും ബുര്‍കിനിയും സ്ത്രീകള്‍ ധരിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും ജനാധിപത്യ സമൂഹത്തില്‍ ഒരാളുടെ തെരഞ്ഞെടുപ്പിനെ വിലക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് റാശിദ് നികാസി പറയുന്നു.
വിലക്ക് ലംഘിച്ച മൂന്ന് സ്ത്രീകളുടെമേല്‍ ചുമത്തിയ പിഴ ഇതുവരെ റാശിദ് അടച്ചുകഴിഞ്ഞു. 2004 മുതല്‍ നിഖാബ് നിരോധം ഏര്‍പ്പെടുത്തിയ ഫ്രാന്‍സില്‍, ഈ വിലക്ക് ലംഘിക്കുന്ന സ്ത്രീകള്‍ക്കെതിരെ ചുമത്തിയ 1.7 കോടി രൂപയുടെ പിഴയും റാശിദ് നികാസ് സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കിയിരുന്നു. വോള്‍ട്ടയറുടെ ദര്‍ശനമാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ അദ്ദേഹം, അഭിപ്രായസ്വാതന്ത്ര്യത്തിനും ഇഷ്ടാനുസരണം വസ്ത്രം ധരിക്കാനും മരണംവരെ പോരാടുമെന്നും കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ വസ്തുകൈമാറ്റ മേഖലയിലെ പ്രമുഖനാണ് റാശിദ് നികാസി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല