ആല്‍ഫ്രഡ് ചാള്‍സ് തോമസ്
ഫ്രാന്‍സിലെ പ്രമുഖ മലയാളി അസോസിയേഷനായ ഫ്രഞ്ച് മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതി വെര്‍സ്സായില്‍ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. അതിവിപുലമായി നടത്തിയ ചടങ്ങില്‍ ഫ്രാന്‍സിന്റെ വിവിധ നഗരങ്ങളില്‍ നിന്നും അനേകം പേര്‍ പങ്കെടുത്തു. അംഗങ്ങള്‍ ഒരുക്കിയ അത്തപൂക്കളം ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. താലപൊലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേറ്റു.
തെന്നിന്ത്യന്‍ ചലച്ചിത്രതാരം സുഹാസിനി മണിരത്നം വിളക്കു കൊളുത്തി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സുഹാസിനിയുടെ സാന്നിധ്യം ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം നല്‍കി. തുടര്‍ന്ന് തിരുവാതിര, മോഹിനിയാട്ടം, വിവിധ തരം നൃത്തനൃത്യങ്ങളും സംഗീതവും ഓണാഘോഷത്തിന് കൂടതല്‍ മിഴിവേകി. പാരിസിലെ ഇന്ത്യന്‍ കാര്യാലയത്തില്‍ നിന്നുള്ള വിതിഷ മൈത്രി വിശിഷ്ട അതിഥിയായിയെത്തി സദസിനെ അഭോസംബോധന ചെയ്തു സംസാരിച്ചു.
ഫ്രഞ്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിതേന്ദ്ര സ്വാഗതം ആശംസിച്ചു. ചാരോത്ത് എത്തിരാജ്, രേഷ്മ ജിതേന്ദ്രന്‍ , വത്സല നായര്‍ , ആല്‍ഫ്രഡ് തോമസ്, പനങ്ങാടന്‍ ഗിമേഷ് എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫ്രാന്‍സില്‍ മലയാളത്തിന്റെ നന്മകള്‍ അയവിറക്കാനും മലയാളികള്‍ക്ക് ഒരുമിച്ചു കൂടാനും ഓണാഘോഷം ഏറെ സഹായിച്ചുവെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല