സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ഞെട്ടിച്ച് പരിസ്ഥിതി മന്ത്രിയുടെ ‘ഓണ്‍ എയര്‍’ രാജി. പരിസ്ഥിതിമന്ത്രി നിക്കൊളാസ് ഹുലോതാണ് പരിസ്ഥിതി വിഷയങ്ങള്‍ക്ക് മക്രോണ്‍ സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ച് റേഡിയോ ചാനലിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ രാജി പ്രഖ്യാപിച്ചത്.
‘കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നേരിടുന്ന മറ്റുഭീഷണികള്‍ എന്നിവയെ നേരിടുന്നതില്‍ തുടര്‍ച്ചയായ പരാജയമാണ് ഫ്രഞ്ച് സര്‍ക്കാരിന് നേരിടേണ്ടിവന്നത്. സര്‍ക്കാരില്‍ ഞാന്‍ തികച്ചും ഏകനായതുപോലെ തോന്നുന്നു. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കാന്‍ പോകുകയാണ്. ഈ സര്‍ക്കാരില്‍നിന്ന് ഞാന്‍ രാജിവയ്ക്കുന്നു,’ ഫ്രാന്‍സ് ഇന്റര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹുലോത് പറഞ്ഞു.
‘രാജിതീരുമാനം പെട്ടെന്നെടുത്തതാണ്. മക്രോണുമായും പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല,’ ഹുലോത് കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിലെ പ്രമുഖ പരിസ്ഥിതിവാദിയും ടെലിവിഷന്‍ അവതാരകനുമായിരുന്ന ഹുലോതിന്റെ നാടകീയമായ രാജിപ്രഖ്യാപനം മക്രോണ്‍ സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ നയങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല