ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കകാരിയായ സെറീനാ വില്യംസിന്. ചെക് റിപബ്ലിക്കിന്റെ ലൂസി സഫറോവയെയാണ് സെറീന പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ഓപ്പണില്‍ ഇത് മൂന്നാം തവണയാണ് സെറീന കിരീടത്തില്‍ മുത്തമിടുന്നത്. സെറീനയുടെ കരിയറിലെ ഇരുപതാം ഗ്രാന്‍ഡ് സ്ലാം നേട്ടമാണിത്. സ്‌കോര്‍ 6 3, 6 7, 6 2.
റൊളാന്‍ഡ് ഗാരോസില്‍ രണ്ട് മണിക്കൂറും ഒരു മിനിറ്റും നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് 13ാം സീഡ് ലൂസിയെ സെറീന പരാജയപ്പെടുത്തിയത്. ലൂസിയുടെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്.
കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാം നേടുന്ന മൂന്നാമത്തെ ടെന്നീസ് താരമാണ് സെറീനാ വില്യംസ്. ജര്‍മനിയുടെ സ്റ്റെഫി ഗ്രാഫും ഓസ്‌ട്രേലിയയുടെ മാര്‍ഗരെറ്റ് കോര്‍ട്ടുമാണ് ഇതിന് മുന്‍പ് 20 സിംഗിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുള്ള താരങ്ങള്‍. സ്റ്റെഫി 22 കിരീടങ്ങളും മാര്‍ഗരെറ്റ് 24 കിരീടങ്ങളും നേടിയിട്ടുണ്ട്.
ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍ കടന്നു. കടുത്ത സെമി പോരാട്ടത്തില്‍ ഇംഗ്ലീഷ് താരം ആന്‍ഡി മുറയെ തോല്‍പിച്ചാണ് ദ്യോക്കോവിച്ച് ഫൈനലിലെത്തിയത്. സ്‌കോര്‍ 63, 63, 57, 57, 61. കിരീടപ്പോരാട്ടത്തില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെ നേരിടും.
അഞ്ച് സെറ്റുകള്‍ നീണ്ട മത്സരത്തിനൊടുവിലാണ് ദ്യോക്കോവിച്ച് ഫൈനലില്‍ കടന്നത്. നേരത്തെ നടന്ന മത്സരത്തില്‍ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയെ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക ഫൈനലില്‍ പ്രവേശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല