സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൂത്തുവാരി പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ മുന്നണി. നേതൃത്വത്തിലുള്ള മുന്നണിക്ക് വന്‍ ഭൂരിപക്ഷം. 577 അംഗ പാര്‍ലമെന്റില്‍ മുന്നണി 350 സീറ്റ് വെട്ടിപ്പിടിച്ചപ്പോള്‍ ഇത്തവണ 224 വനിതകളെ നാഷണല്‍ അസംബ്ലയിലേക്കു വിജയിപ്പിച്ച് ഫ്രാന്‍സ് ചരിത്രം കുറിച്ചു. മുന്‍ അസംബ്‌ളിയില്‍ വനിതകളുടെ എണ്ണം 155 ആയിരുന്നു. ഇതോടെ വനിതാ പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ 64 ആം സ്ഥാനത്തായിരുന്ന ഫ്രാന്‍സിന് 17 ആം സ്ഥാനത്തേക്കു കയറ്റം കിട്ടി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിന് 126 ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന് 46 ഉം ലാ ഫ്രാന്‍സ് ഇന്‍സോമൈസ് 26 ഉം നാഷണല്‍ ഫ്രണ്ട് എട്ടും മറ്റു പാര്‍ട്ടികള്‍ 10 ഉം വീതം സീറ്റുകള്‍ നേടി. 577 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ 289 സീറ്റുകള്‍ വേണം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ എതിരാളിയായിരുന്ന നാഷനല്‍ ഫ്രണ്ടിന്റെ മരീന്‍ ലീപെന്നും പാര്‍ലമെന്റ് സീറ്റിനായി മത്സരിച്ചിരുന്നു. എന്നാല്‍, സര്‍വേ ഫലം ശരിവെക്കുന്ന തരത്തില്‍ എട്ടു സീറ്റ് മാത്രമാണ് ലീപെന്നിന് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ശതമാനം വളരെ കുറവായിരുന്നെങ്കിലും മാക്രോണിന്റെ പാര്‍ട്ടിക്കായിരുന്നു മേല്‍ക്കൈ.
മാക്രോണിന്റെ ഒരു വര്‍ഷം മാത്രം പഴക്കമുള്ള എല്‍ ആര്‍ ഇഎം (ലാ റിപ്പബ്ലിക്കേ എന്‍ മാര്‍ഷേ) പാര്‍ട്ടിയിലെ 47 ശതമാനം എംപിമാരും വനിതകളാണ്. മാക്രോണിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ വലതുപക്ഷ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി 46 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. മാക്രോണ്‍ വിഭാവനം ചെയ്യുന്ന സാമ്പത്തിക പരിഷ്‌കാരം നടപ്പാക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഞായറാഴ്ചത്തെ വോട്ടെടുപ്പില്‍നിന്ന് പകുതിയി ലേറെപ്പേര്‍ വിട്ടുനിന്നത് വിജയത്തിന്റെ തിളക്കം കുറച്ചതായാണ് വിലയിരുത്തല്‍.
വെറും 42% ആയിരുന്നു വോട്ടിംഗ് ശതമാനം. രാഷ്ട്രീയ രംഗത്തു മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവ വികാസമെന്നു സര്‍ക്കാര്‍ വക്താവ് ക്രിസ്റ്റോഫ് കസ്റ്റാനര്‍ പറഞ്ഞു. യഥാര്‍ഥ വിജയം അഞ്ചു വര്‍ഷത്തിനു ശേഷമാണു സംഭവിക്കാനിരിക്കുന്നതെന്നും കസ്റ്റാനര്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരം പരിമിതമായിരിക്കും എന്നതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മാക്രോണ്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. നിലവിലെ സീറ്റ് നിലയില്‍ അനായാസം മക്രോണിന് അതിനു കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല