സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ പ്രതിഷേധിച്ച യുവതിയെ പൊലീസ് തൂക്കിയെറിഞ്ഞതായി പരാതി, വീഡിയോ പുറത്ത്. ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് യുവതിയെ പൊലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. റോഡില്‍ മുഖമിടിച്ച് വീണ യുവതിക്ക് ഏറെ നേരെ അനങ്ങാന്‍ സാധിച്ചില്ല. ഗുരുതര പരുക്കേറ്റ ഇവരെ പിന്നീട് സ്‌ട്രെച്ചറില്‍ ആംബുലന്‍സില്‍ എത്തിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന പരിസരത്ത് കര്‍ശന സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഇത് വകവെയ്ക്കാതെയാണ് ഒരു സംഘം ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനവുമായെത്തിയവര്‍ നിരവധി കാറുകള്‍ക്ക് തീയിട്ടു. ഇതിനിടെയാണ് യുവതിയെ പൊലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. നിലത്ത് വീണ ഉടന്‍ അവരുടെ ബോധം നഷ്ടപ്പെട്ടിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്നവരും രക്ഷാപ്രവര്‍ത്തകരുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിഷേധക്കാരെ ക്രൂരമായാണ് പൊലീസുകാര്‍ നേരിട്ടത്.
അതേസമയം, ആറോളം പൊലീസുകാര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ മൂന്ന് പ്രതിഷേധക്കാര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. മത്സര രംഗത്തുള്ള മാരിന്‍ ലെ പെനിനെതിരെയായിരുന്നു പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. തീവ്ര വലതുപക്ഷവാദിയും ഫാസിസ്റ്റ് കക്ഷിയായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയുമാണ് മാരിന്‍ ലെ പെന്‍.
ആദ്യ ഘട്ടത്തില്‍ മുന്നിലെത്തിയ മാരിനും സ്വതന്ത്ര സ്ഥാനാര്‍ഥി മക്രോണും തമ്മിലുള്ള രണ്ടം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല