സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ കനത്ത സുരക്ഷാ വലയത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായി, ഫലം പ്രവചനാതീതമെന്ന് വിലയിരുത്തല്‍. 11 സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്. തീവ്രവലതുപക്ഷ നിലപാടുകാരിയായ മരീന്‍ ലെ പെന്‍, സ്വതന്ത്രനായ എമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. വലതുപക്ഷ നയങ്ങളുടെ വക്താവായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഫ്രാന്‍സ്വാ ഫിയോണും തീവ്ര ഇടതുപക്ഷ നിലപാടുകളുമായി ഴാങ് ലിക് മെലന്‍ഷോണും ഒപ്പമുണ്ട്.
4.6 കോടി വോട്ടര്‍മാരാണ് ഫ്രാന്‍സിലുള്ളത്. ആദ്യ ഘട്ടമാണ് ഞായറാഴ്ച പൂര്‍ത്തിയായത്. അടുത്തമാസം ഏഴിനാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ്. അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറെ പ്രവചനാതീതമാണെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. ഒന്നാം റൗണ്ട് വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാനിടയില്ലെന്നും നിരീക്ഷകര്‍ കരുതുന്നു.
അങ്ങനെയെങ്കില്‍ ഏറ്റവുമധികം വോട്ടു നേടി മുന്നില്‍വരുന്ന രണ്ടു സ്ഥാനാര്‍ഥികള്‍ മേയ് ഏഴിനു നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഏറ്റുമുട്ടും. സര്‍ക്കാര്‍ രൂപവത്കരണത്തിന് 289 സീറ്റുകളുടെ ഭൂരിപക്ഷം നേടിയിരിക്കണം. 67,000 പോളിംഗ് ബൂത്തുകളാണ് രാജ്യത്ത് സജ്ജീകരിച്ചിരുന്നത്. സുരക്ഷയ്ക്കായി അരലക്ഷത്തോളം പോലീസുകാരെയും 7000 സൈനികരെയും വിന്യസിച്ചിരുന്നു.
തന്റെ ജനപ്രീതി കുറഞ്ഞെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് നിലവിലെ പ്രസിഡന്റ് ഒളാന്ദ് രണ്ടാമൂഴത്തിനിറങ്ങിയില്ല. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവുമാണ് ഇന്ന് ഫ്രഞ്ച് ജനത നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. 10 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. പിന്നെ അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങളും. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ കാലങ്ങളായി ഇടത്, മധ്യവര്‍ഗ പാര്‍ട്ടികള്‍ക്കാണ് ആധിപത്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല