1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2015

സ്വന്തം ലേഖകന്‍: ഫ്രഞ്ചു പ്രസിഡന്റുമാര്‍ക്കു മേല്‍ അമേരിക്കന്‍ ചാരക്കണ്ണുകളെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഫ്രഞ്ച് പ്രസിഡന്റുമാരായ ജാക് ചിറാക്, നിക്കോളാസ് സര്‍ക്കോസി, ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് എന്നിവരുടെ മേല്‍ ചാരപ്രവര്‍ത്തി നടത്തിയെന്നാണ് വിക്കിലീക്‌സ് ആരോപണം. രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെയും സാങ്കേതിക രേഖകളുടെയും അടിസ്ഥാനത്തിലാണ് വിക്കിലീക്‌സ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

പ്രസിഡന്റുമാര്‍ക്ക് പുറമെ ഫ്രാന്‍സിലെ പല കാബിനറ്റ് മന്ത്രിമാരേയും അമേരിക്കയിലെ ഫ്രഞ്ച് സ്ഥാനപതിയേയും ഇത്തരത്തില്‍ നിരീക്ഷിച്ചിരുന്നുവെന്നാണ് രേഖകള്‍ പറയുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി, ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ വരെ വിക്കിലീക്‌സ് പുറത്തുവിട്ടു. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി ഫ്രാന്‍സ്വാ ഒലാദ് ഭരണകൂടത്തിനുണ്ടായിരുന്ന ബന്ധത്തെ സംബന്ധിച്ച സംഭാഷണങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ജര്‍മ്മനിയില്‍ അമേരിക്ക നടത്തിയ ചാരവൃത്തിയുടെ വിവരങ്ങള്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. മെര്‍ക്കലിന്റെ ഫോണ്‍ വരെ അമേരിക്ക ചോര്‍ത്തിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഫ്രഞ്ച് വായനക്കാരെ ഞെട്ടിപ്പിക്കുന്ന പലതും ഭാവിയില്‍ വരാനിരിക്കുന്നതെ ഉള്ളൂവെന്നാണ് വിക്കീലീക്‌സ് മുന്നറിയിപ്പ്. സംഭവത്തെ കുറിച്ച് ഫ്രാന്‍സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.